സ്ഫോടനം പോലെ ഉഗ്രശബ്ദം; ദയനീയമായ കരച്ചിലുകൾ; നടുക്കം മാറാതെ നാട്ടുകാർ

സ്ഫോടനം പോലെ അത്യുഗ്രശബ്ദം കേട്ടാണ് ദേശീയപാതയോരത്തോടു ചേർന്നുള്ള ശ്രീപാദം കോളനി നിവാസികൾ ഇന്നലെ പുലർച്ചെ ഞെട്ടിയുണർന്നത്. അവർ ഓടിയെത്തുമ്പോൾ ഒരു കാർ മരത്തിലേക്കിടിച്ചുകയറി നിൽക്കുകയായിരുന്നു. കാറിനുള്ളിൽ നിന്നും ദയനീയ ശബ്ദങ്ങളുയരുന്നുണ്ടായിരുന്നു. 

അപകടം നേരിൽക്കണ്ട ശ്രീപാദം കോളനിയിലെ ഷീജയുടെ കണ്ണുകളിലെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഷീജയുടെ വീടിനു തൊട്ടുമുന്നിലെ മരത്തിലാണ് കാർ ഇടിച്ചുകയറിയത്. നാട്ടുകാർ ഓടിക്കൂടിയെങ്കിലും  ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. കാറിന്റെ മുൻവശം തകർന്ന് ഉള്ളിലേക്കു കയറിയിരുന്നു. അവിടെ ബാലഭാസ്കറും കുഞ്ഞും ഡ്രൈവർ അർജുനനും കുരുങ്ങിക്കിടക്കുകയായിരുന്നു.

വയലിൻ വിദഗ്ധൻ ബാലഭാസ്കറാണെ് അപകടത്തിൽപ്പെട്ടത് എന്നൊന്നും അവിടെ എത്തിയവർക്ക് അറിയില്ലായിരുന്നു. എങ്ങനെ കാറിനുള്ളിലുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു ചിന്ത. അപ്പോഴേക്കും മംഗലപുരം സ്റ്റേഷനിലെ ഹൈവേ പട്രോളിങ് പൊലീസും എത്തി. രക്ഷാപ്രവർത്തനം അപകടകരമായതിനാൽ ശ്രദ്ധാപൂർവമായിരുന്നു പിന്നീടുള്ള നീക്കം .

ഗ്ലാസ് പൊട്ടിച്ചു ഡോർ പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. കുഞ്ഞിനു നേരിയ അനക്കമുണ്ടെങ്കിലും അബോധാവസ്ഥയിലായിരുന്നു. അതുവഴിവന്ന കെഎസ്ആർടിസി കണിയാപുരം ഡിപ്പോയിലെ ബസ് സംഭവസ്ഥലത്തു നിർത്തി അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഗുരുതരാവസ്ഥയിലായവരെ ആംബുലൻസിൽ കൊണ്ടുപോയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.