പ്രളയത്തിൽ തകർന്നടിഞ്ഞ് പമ്പ; സുരക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ

പ്രളയത്തില്‍ പമ്പ തകര്‍ന്നതോടെ മണ്ഡല മകരവിളക്ക് കാലത്തെ സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ പൊലീസ് തീരുമാനം. നിലയ്ക്കല്‍ പ്രധാന കേന്ദ്രമായി പൊലീസിനെ വിന്യസിച്ചും പമ്പയിലെ തീര്‍ത്ഥാടകരുടെ വിശ്രമത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് പുതിയ സുരക്ഷാ പദ്ധതി. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‌ പൊലീസുകാരെയും ഇത്തവണ വിന്യസിക്കും.

പ്രളയം എല്ലാം തകര്‍ത്തതോടെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത അവസ്ഥയാണ്. പലയിടത്തും മണ്ണിടിയാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. ഇതോടെയാണ് പതിറ്റാണ്ടായി നിലനിന്നിരുന്ന പൊലീസ് വിന്യാസപദ്ധതിയില്‍ മാറ്റം വരുത്തുന്നത്. പമ്പയേക്കാള്‍ പ്രധാനകേന്ദ്രമായി നിലയ്ക്കല്‍ മാറും. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂമും വെര്‍ച്ച്വല്‍ ക്യൂവിന്റെ ടിക്കറ്റ് കൗണ്ടറുമെല്ലാം പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്ക് മാറ്റും. ഇതിനായി ഒരേസമയം 25000 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കാനും പൊലീസ് നിര്‍ദേശം നല്‍കി.

പാര്‍ക്കിങോ വിശ്രമമോ പമ്പയില്‍ അനുവദിക്കില്ല. ഹില്‍ടോപ്പിലടക്കം മകരവിളക്ക് കാണനുള്ള സൗകര്യവും ഒരുക്കില്ല. എന്നാല്‍ പമ്പയില്‍ നിന്നും പുല്ലുമേട് വഴിയും സന്നിധാനത്തേക്കുള്ള പാതയില്‍ അപകടാവസ്ഥയില്ലെന്നാണ് പൊലീസ് പരിശോധനയില്‍ വ്യക്തമായത്. മുന്‍വര്‍ഷങ്ങളേക്കാള്‍ ആയിരം പൊലീസുകാരെങ്കിലും ഇത്തവണ കൂടുതല്‍ വരുമെന്നും വിലയിരുത്തുന്നു.