കനത്തമഴ; പമ്പാതീരം വ്യാപകമായി ഇടിയുന്നു; വീടുകൾ അടക്കം നശിക്കുമെന്ന് ഭീതി

ചെങ്ങന്നൂരില്‍ കനത്തമഴയെത്തുടര്‍ന്ന് പമ്പാതീരം വ്യാപകമായി ഇടിയുന്നു. അര ഏക്കറിലും ഏറെ വിസ്തീർണം ഉണ്ടായിരുന്ന ഭൂമികൾ തിട്ട ഇടിച്ചിലിനെ തുടർന്ന് പകുതിയില്‍ താഴെയായെന്ന് നാട്ടുകാര്‍ പറയുന്നു. 

നോക്കി നിൽക്കെ വീടിനു മുമ്പിലെ തിട്ട ഇടിഞ്ഞു താഴുകയാണ്. കിണറിനു ചുറ്റും വൃത്താകൃതിയിൽ മണ്ണ് വെടിച്ചു കീറുന്നു. ചവിട്ടുന്ന ഭാഗം മുട്ടറ്റം താഴുന്നു. ചിലരുടെ വീടും നദിയും തമ്മിലുള്ള ദൂരം 20 അടിയില്‍ താഴെയാണ്. പാണ്ടനാട് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലാണ് നിലവിലെ ഗുരുതരമായ സ്ഥിതി. പത്തിലധികം പേരുടെ ഭൂമിയാണ് പമ്പയാറ് കവരുന്നത്. വീടടക്കം പമ്പ കൊണ്ടുപോകുമെന്ന ഭീതിയിലാണ് ഇവര്‍. 2018ലെ പ്രളയശേഷമാണ് സ്ഥിതി രൂക്ഷമായത്.

ഗിരിജാ കുമാരി, ചന്ദ്രലേഖ എന്നിവരുടെ അപേക്ഷയില്‍ തീരം കെട്ടാല്‍ 15, 17 ലക്ഷം രൂപ വീതം അനുവദിച്ചതായി അറിയിപ്പു വന്നെങ്കിലും നിര്‍മാണം തുടങ്ങിയിട്ടില്ല. ഈ മഴക്കാലം കഴിയാതെ ഇനി നിര്‍മാണം നടക്കില്ല. എങ്ങനെയും അപകടമില്ലാതെ തുലാവര്‍ഷം കടന്നുപോകണേ എന്നാണ് ഇവരുടെ പ്രാര്‍ഥന