പമ്പയിലെ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കണം; റിപ്പോര്‍ട്ടുമായി അഗ്നിരക്ഷാസേന

File Photo

മണ്ഡലകാലത്തിന് മുന്‍പായി പമ്പയിലെ കെട്ടിടങ്ങളുടെ ബലക്ഷമത പരിശോധിക്കണമെന്ന് അഗ്നിരക്ഷാസേന. അഗ്നിബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്നിധാനത്ത് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ നീക്കണം. പമ്പയിലോ നിലയ്ക്കലിലോ അഗ്നിരക്ഷാ സേനയ്ക്ക് സ്ഥിരം സ്റ്റേഷൻ വേണെമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

മഹാപ്രളയം പമ്പയെ പൂര്‍ണമായും വിഴുങ്ങിയിരുന്നു. വലിയ ചില കെട്ടിടങ്ങള്‍ മാത്രമാണ് അവശേഷിച്ചത്. ഇവയുടെ ബലക്ഷമത അടിയന്തരമായി പരിശോധിക്കണമെന്നാണ് അഗ്നിരക്ഷാ സേനയുടെ ആവശ്യം. മണ്ഡ‍ലകാലത്തിന് മുന്‍പായി വകുപ്പ്  നിലയ്ക്കൽ മുതൽ സന്നിധാനം വരെ പരിശോധന നടത്തിയിരുന്നു. റിപ്പോര്‍ട്ടിലുള്ള മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമെ പഴയ കെട്ടിടങ്ങൾ തുറന്ന് കൊടുക്കാവു. പമ്പയിലെ സർക്കാർ ആശുപത്രിയിലെ മുഴുവൻ സുരക്ഷ സംവിധാനങ്ങളും മാറ്റി സ്ഥാപിക്കണം. ഗണപതി ക്ഷേത്രത്തിനു സമീപമുള്ള ഗസ്റ്റ്ഹൗസിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ജലസംഭരണിയുടെ കാര്യത്തിലും ആശങ്കയുണ്ട്. 

നിലയ്ക്കൽ മുതൽ സനനിധാനം വരെയുള്ള വിവിധ ഇടങ്ങളിലെ അഗ്നി പ്രതിരോധ സംവിധാനങ്ങളില്‍ പലതും പ്രവർത്തനക്ഷമില്ല. ശബരിമലയിൽ അഗ്നിരക്ഷാ സേനയ്ക്ക് വര്‍ഷങ്ങളായി താല്‍കാലിക സംവിധാനമാണുള്ളത്. ഇതുമൂലം അത്യാധുനിക ഉപകരണങ്ങളു‍െട പരിപാലനം വേണ്ട രീതിയില്‍ നടക്കുന്നല്ല. മറ്റെല്ലാ വകുപ്പുകൾക്കും സ്ഥിരം ഓഫിസുകളുള്ള സാഹചര്യത്തിൽ അഗ്നിരക്ഷ സേനയ്ക്കും സ്ഥിരം സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതി മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.