അടിയന്തിരധനസഹായം ലഭിക്കാതെ 27 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസക്യാംപിൽ

പ്രളയത്തില്‍ വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട് ഒന്നരമാസമായി ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഇതുവരെ അടിയന്തര ധനസഹായം കിട്ടിയില്ല. വീടുകളിലേക്ക് മാറാനാകാതെ പത്തനംതിട്ട എഴിക്കാട് ദുരിതാശ്വാസ ക്യാംപില്‍ 27 പട്ടികജാതി കുടുംബങ്ങളാണ് ഇപ്പോഴും ദുരിതത്തില്‍ കഴിയുന്നത്. ആദ്യഘട്ടത്തില്‍ ക്യാംപുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂളുകളില്‍ ക്ലാസ് ആരംഭിച്ചതോടെയാണ് ഇവരെ എഴിക്കോട് കമ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്.

പ്രളയം കഴിഞ്ഞതോടെ അന്തിയുറങ്ങാന്‍ വീടില്ലാതായവരാണ് ഇവരെല്ലാം. കുട്ടികളും രോഗികളും ഇക്കൂട്ടത്തിലുണ്ട്. പതിനായിരം രൂപ അടിയന്തിര ധനസഹായ പോലും കിട്ടാത്തവരാണ് ഇങ്ങനെ തീരാദുരിതം പേറുന്നത്.

27 കുടുംബങ്ങളിലെ 72 പേരാണ് ഈ ക്യാംപില്‍കഴിയുന്നത്. പ്രളയത്തില്‍ എഴിക്കാട് കോളനി അപ്പാടെ ഒറ്റപ്പെട്ടിരുന്നു. ആദ്യം സ്കൂളുകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ ആയിരുന്നെങ്കിലും ക്ലാസ് ആരംഭിച്ചതോടെ പോകാന്‍ മറ്റിടങ്ങളില്ലാത്തവരെ കമ്യൂണിറ്റിഹാളിലേക്ക് മാറ്റുകയായിരുന്നു. പഠിക്കാന്‍ സൗകര്യങ്ങളോ കയറിക്കിടക്കാന്‍ വീടോ ഇല്ലാതായതോടെ വിദ്യാര്‍ഥികളുടെ ഭാവിയും അനിശ്തിചത്വത്തിലാണ്.