സഹായമായത് നെഹ്രു കുടുംബവുമായുള്ള അടുപ്പം; മുല്ലപ്പള്ളിക്ക് ഗ്രൂപ്പുകളോട് എന്നും സമദൂരം

ആറുപതിറ്റാണ്ട് നീണ്ട സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് മുല്ലപ്പള്ളി രാമചന്ദ്രന് കെ.പി.സി.സി അധ്യക്ഷ പദവി. സംഘടന പ്രവര്‍ത്തനത്തിലെ മികവും നെഹ്രു കുടുംബവുമായുള്ള അടുപ്പവുമാണ് 73 ാം വയസില്‍ മുല്ലപ്പള്ളിക്ക് നേട്ടമായത്.  

കെ.എസ് യുവിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ  മുല്ലപ്പള്ളി പ്രതിസന്ധികളോട് പടവെട്ടിയാണ് പാര്‍ട്ടി അധ്യക്ഷ പദവിയിെലത്തുന്നത്. ആദ്യ മൂന്ന് തിരഞ്ഞെടുപ്പുകളിലും പരാജയം. പക്ഷെ 1984ല്‍ ഇടതുശക്തി ദുര്‍ഗമായ കണ്ണൂരില്‍ ലോക്സഭയിലേക്ക് വിജയക്കൊടി പാറിച്ച മുല്ലപ്പള്ളി സംസ്ഥാനരാഷ്ട്രീയത്തില്‍ ശ്രദ്ധേയനായി. പിന്നെ ഒന്നരപതിറ്റാണ്ടോളം തിരിഞ്ഞുനോക്കേണ്ടി വന്നില്ല മുല്ലപ്പള്ളിക്ക്.  1999ല്‍ എ.പി അബ്ദുള്ളക്കുട്ടിയെന്ന യുവനേതാവിനോട് തോല്‍ക്കുന്നതുവരെ. 2004ലും കണക്കൂകൂട്ടലുകള്‍ പിഴച്ചു. 

2010ല്‍ സ്വന്തം നാടായ വടകയിലേക്ക് മടങ്ങിയ മുല്ലപ്പള്ളി 56186 വോട്ടുകള്‍ക്ക് സതീദേവിയെ തോല്‍പിച്ച് ഇടതുകോട്ട പിടിച്ചെടുത്തപ്പോള്‍ കേന്ദ്രനേതൃത്വം  സമ്മാനമായി നല്‍കിയത്  കേന്ദ്ര അഭ്യന്തര സഹമന്ത്രി സ്ഥാനം. 2014ല്‍ വീണ്ടും പാര്‍ലമെന്റിലെത്തിയ മുല്ലപ്പള്ളിയെ രാഹുല്‍ ഗാന്ധി ഏല്‍പിച്ചത് സംഘടന തിരഞ്ഞെടുപ്പിന്റ മുഖ്യചുമതലയായിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ച മുല്ലപ്പള്ളി അധ്യക്ഷസ്ഥാനത്തേക്ക് വരുമ്പോള്‍ വെല്ലുവിളികള്‍ ഏറെയാണ്. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റ മകനായ രാമചന്ദ്രന് ആദര്‍ശുദ്ധിയും നിലപാടുകളിലെ കാര്‍ക്കശ്യവും തന്നെയാണ് എന്നും കൈക്കരുത്ത്.