കെഎസ്ഇബിയുടെ ഇരുട്ടടി; ആൾത്താമസമില്ലാത്ത വീടിന് 6068 രൂപയുടെ ബില്ല്

ആൾത്താമസമില്ലാത്ത വീടിന് 6068 രൂപയുടെ വൈദ്യുതി ബില്ല് നൽകി കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. കാസർകോട് ബെളിഞ്ച സ്വദേശിനി ജിഷ മാത്യുവിന്റെ പണിപൂർത്തിയാകാത്ത വീട്ടിലേയ്ക്കാണ് അമിത ചാർജിന്റെ ബില്ലെത്തിയത്. പരാതിയുമായി അസിസ്റ്റന്റ് എഞ്ചിനിയറെ സമീപിച്ചപ്പോൾ ശകാരിച്ച് ഇറക്കിവിടുകയായിരുന്നെന്നും ആക്ഷേപമുണ്ട്.

ജിഷയുടെ അച്ഛൻ തോമസാണ് ബെളിഞ്ചയിലെ നാട്ടുവഴികളിലൂടെ കുന്നിനുമുകളിലെ പണിപൂർത്തിയാകാത്ത വീ‌ട്ടിലേയ്ക്കു ഞങ്ങളെ എത്തിച്ചത്. മകൾക്കുവേണ്ടി പണിയുന്ന ഈ വീടിന് ആറുമാസം മുമ്പ് വൈദ്യുതി കണക്ഷൻ ലഭിച്ചു. തുടർന്നുള്ള മാസങ്ങളിലെല്ലാം ശരാശരി നൂറ്റിയൻപതു രൂപയോളമായിരുന്നു ബില്ല്. എന്നാൽ ഒരു ഫാൻ പോലുമില്ലാത്ത വീട്ടിൽ കഴിഞ്ഞ രണ്ടുമാസം 6068 രൂപയുടെ വൈദ്യുതി ഉപയോഗിച്ചെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. പരാതിയുമായി ബദിയഡുക്ക സെക്ഷൻ ഓഫിസി‍ൽ എത്തിയപ്പോൾ അസിസ്റ്റന്റ് എഞ്ചിനിയറുടെ വക രൂക്ഷമായ ശകാരവും.

രണ്ടാഴ്ച മുമ്പ് വീട്ടിലെ മെയിൻ സ്വിച്ച് കേടുവന്നിരുന്നു.സമീപത്തെ വിവിധ വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും അന്ന് നശിച്ചു.അമിതമായ വൈദ്യുത പ്രവാഹത്തെത്തുടർന്ന് നാശനഷ്ടമുണ്ടായതെന്നാണ് നിഗമനം. ഇതാകം ജിഷയുടെ വീട്ടിലെ മീറ്റർ റീഡിങ് ഉയരാൻ കാരണമായതെന്നും വിലയിരുത്തപ്പെടുന്നു. വീട്ടുടമയുടെ പരാതിയെത്തുടർന്ന് മറ്റൊരു മീറ്റർ വച്ച് വീട്ടിലെ വൈദ്യുതി ഉപഭോഗം സുഷ്മമായി പരിശോധിക്കുകയാണ് കെ.എസ്.ഇ.ബി.