ഡി.വൈ.എഫ്.ഐ നേതാവ് അപമര്യാദയായി പെരുമാറിയ കേസില്‍ രഹസ്യമൊഴിയെടുക്കും

ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.ഐ നേതാവ് ആര്‍. എല്‍. ജീവന്‍ലാല്‍ അപമര്യാദയായി പെരുമാറിയെന്ന കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പെണ്‍കുട്ടി പുതിയ അന്വേഷണസംഘമായ തിരുവനന്തപുരം മ്യൂസിയം പൊലീസിനും മൊഴി നല്‍കിയതോടെയാണ് തീരുമാനം. സംഭവം നടന്നതായി പറയുന്ന എം.എല്‍.എ ഹോസ്റ്റലിലെത്തി തെളിവെടുക്കാന്‍ പൊലീസ് സര്‍ക്കാരിന്റെ അനുമതിയും തേടി.

ഡി.വൈ.എഫ്.ഐ ബ്ളോക് സെക്രട്ടറിയുമായിരുന്ന ആര്‍. എല്‍. ജീവന്‍ലാലിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. വിദ്യാഭ്യാസ ആവശ്യത്തിനായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണന്റെ എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇരിങ്ങാലക്കുട കാട്ടൂര്‍ പൊലീസ് കേസെടുത്ത് ശേഷം അന്വേഷണം തിരുവനന്തപുരം മ്യൂസിയം പൊലീസിന് കൈമാറിയിരുന്നു. പെണ്‍കുട്ടിയുടെ മൊഴി പൊലീസ് വീണ്ടുമെടുത്തപ്പോള്‍ പീഡനപരാതി ആവര്‍ത്തിച്ചു. ഇതോടെ മജിസ്ട്രേറ്റിന്റെ മുന്നിലെത്തിച്ച് രഹസ്യമൊഴിയെടുക്കാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ഒരാഴ്ചക്കുള്ളില്‍ മൊഴിയെടുക്കും.

ഇതിനൊപ്പം സംഭവം നടന്നെന്ന് പറയുന്ന ഹോസ്റ്റല്‍ മുറിയിലെത്തി തെളിവ് ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങി. പരാതിയില്‍ പറയുന്ന ദിവസം ജീവന്‍ലാല്‍ എം.എല്‍.എ ഹോസ്റ്റലിലെത്തിയെന്നതിന് രേഖകളോ സാക്ഷിമൊഴികളോ തെളിവായി ലഭിക്കുമോയെന്ന് അറിയാനാണ് പരിശോധന. തെളിവ് ലഭിച്ചാല്‍ ജീവന്‍ലാലിന്റെ അറസ്റ്റിലേക്ക് പോകാനാണ് തീരുമാനം.