മൂന്നാറിലെ പുതിയ പാലത്തില്‍ അപകടഭീഷണിയായി ചരക്കു വാഹനങ്ങള്‍‌

മൂന്നാറില്‍ താല്‍ക്കാലികമായി നിര്‍മിച്ച പെരിയവര പുതിയ പാലത്തില്‍ അപകടഭീഷണിയായി ചരക്കു വാഹനങ്ങള്‍. അമിതഭാരം കയറ്റിയെത്തുന്ന ലോറികളുടെ പരക്കം പാച്ചില്‍  പാലം വീണ്ടും തകര്‍ക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം തുറന്നുകൊടുത്ത  പാലം വീണ്ടും തകര്‍ന്നാല്‍ നാട്ടുകാരും സഞ്ചാരികളും വീണ്ടും പ്രതിസന്ധിയിലാകും.

പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന മൂന്നാര്‍ പെരിയവര പാലത്തിനു പകരം  സമീപത്തു തന്നെ  സമാന്തരമായി നിര്‍മ്മിച്ച പാലത്തിലൂടെയാണ് വീണ്ടും അപകടത്തിന്റെ ഹോണ്‍ മുഴക്കി ലോറികള്‍ ചീറിപ്പായുന്നത്.

പകല്‍ കണ്ടാല്‍ പ്രശ്‌നമാകുന്നമെന്നു കരുതി രാത്രിയുടെ മറവിലാണ് ഈ യാത്ര.   നാല്‍പ്പതും ടണ്‍ വരെ ചരക്ക് കയറ്റിയാണ് ലോറികള്‍ കടന്നുപോകുന്നത്. 12 ടണ്‍ മാത്രമേ പാലത്തിലൂടെ കയറ്റാവൂ എന്ന അറിയിപ്പുള്ളപ്പോള്‍ അതിനെ മറകടന്നാണ് യാത്ര.   

ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും യാത്ര ചെയ്യാന്‍ നിര്‍മ്മിച്ച പാലം  വീണ്ടും തകരുന്ന അവസ്ഥയാണ് നിലവിലുള്ളത്.  അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് എസ്‌റ്റേറ്റ് നിവാസികള്‍  പറഞ്ഞു

രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയ പാലം കഴിഞ്ഞ ദിവസമാണ്  തുറന്നു കൊടുത്തത്. പാലം തകര്‍ന്നതോടെ ഏഴ് എസ്‌റ്റേറ്റിലുള്ള തൊഴിലാളികളും നാട്ടുകാരുമെല്ലാം ഒറ്റപ്പെട്ടിരുന്നു. ചരക്കുവാഹന നിയന്ത്രണം കര്‍ശനമാക്കിയില്ലെങ്കില്‍ പാലം തകരുകയും നീലക്കുറിഞ്ഞി ഉദ്യാനത്തിലേയ്ക്കുള്‍പ്പടെയുള്ള വഴികള്‍ വീണ്ടും അടയുകയും ചെയ്യും.