മന്ത്രിമാർ നവകേരള നിർമിതി പ്രവർത്തനത്തിൽ; മന്ത്രിസഭായോഗം ഉണ്ടാകില്ലെന്ന് ജയരാജൻ

നവകേരള നിർമിതിക്കുവേണ്ടി മന്ത്രിമാർ നേരിട്ട് പണം സ്വീകരിക്കുന്നതിനാൽ ഈ ആഴ്ചയിൽ മന്ത്രിസഭായോഗം ഉണ്ടാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. കണ്ണൂർ ചെറുകുന്നിൽ നടന്ന ചടങ്ങിൽനിന്ന് മാത്രം ഒരുകോടി പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഇ.പി.ജയരാജൻ ശേഖരിച്ചത്. 

വെള്ളിയാഴ്ചവരെ മന്ത്രിമാർ എല്ലാ ജില്ലകളിലും നേരിട്ട് സംഭാവന സ്വീകരിക്കും. അതുകൊണ്ട് ഈ ആഴ്ചയും മന്ത്രിസഭായോഗം ഉണ്ടാവില്ല.

മന്ത്രിസഭാ യോഗത്തിന്റെ അധ്യക്ഷ ചുമതല ഇ.പി.ജയരാജന് നൽകിയിരുന്നെങ്കിലും കഴിഞ്ഞ ആഴ്ചയും യോഗം ചേർന്നിരുന്നില്ല. അതേസമയം ദുരിതാശ്വാസ നിധിയിലേക്കുള്ള പണം സ്വീകരിക്കലിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പഞ്ചായത്തുകളും വ്യക്തികളും സംഘടനകളുമാണ് മന്ത്രിമാർക്ക് നേരിട്ട് ചെക്കുകൾ കൈമാറുന്നത്.