വിരുന്നിനു വന്നു;ദുരിതപ്പെയ്ത്തിൽ െപാലിഞ്ഞു; ആ അഞ്ചുപേര്‍ക്കൊപ്പം മിഥുനും

കലിതുളളി പെയ്യുകയാണ് ദുരിതങ്ങളുടെ കാലവർഷം. 26 ഓളം ജീവിതങ്ങളാണ് ഓർമ്മയായത്. ഒരുപാട് പേരുടെ സ്വപ്നങ്ങളാണ് ഒലിച്ചു പോയത്. ദുരിതപ്പെയ്ത്തിൽ എന്താണ് സംഭവിക്കുന്നതെന്നു പോലും പിടിയില്ലാതെ നൂറായിരം കുടുംബങ്ങൾ. ഒരു ആശ്വാസവാക്കു പോലും പറയാനാകാതെ കണ്ണീർ വറ്റിയ മുഖവുമായി ഒരുപാട് പേർ. മലപ്പുറം എരുമമുണ്ട എന്ന െകാച്ചുഗ്രാമത്തിന്റെ കണ്ണീർ കേരളത്തിന്റെ തന്നെ വേദനയായിപടരുകയാണ്. 

അഞ്ചുപേരടങ്ങുന്ന കുടുംബവും അതിഥിയായി എത്തിയ പതിനാറുകാരനും ചെളിയിലാണ്ടുപോയതിന്റെ കണ്ണീരാണ് ഇനി എരുമമുണ്ട ചെട്ടിയാംമലക്കാർക്കു മിച്ചമുള്ളത്. ഒരു പുരുഷായുസു മുഴുവൻ അദ്ധ്വാനിച്ചതെല്ലാം മഴ കൊണ്ടു പോയി. സർക്കാർ പതിച്ചു നൽകിയ മിച്ചഭൂമിയിൽ ജീവിതം തിരിച്ചു പിടിക്കുക സ്വപ്നമ മാത്രമായി അവശേഷിക്കുകയും ചെയ്യുന്നു. 

അവധിദിവസം ബന്ധുക്കൾക്കൊപ്പം ചെലവിടാനെത്തിയ മിഥുൻ അവർക്കൊപ്പം മരണത്തിലേക്കു മറഞ്ഞു. ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് വീട്ടിൽനിന്ന് ഇറങ്ങിയോടിയ അവന്റെ മൃതദേഹം, തകർന്നടിഞ്ഞ വീട്ടിൽനിന്ന് 100 മീറ്റർ അകലെയാണ് കണ്ടെത്തിയത്. മാതൃസഹോദരിയായ കുഞ്ഞിയുടെ എരുമമുണ്ട ചെട്ടിയാംപാറയിലെ വീട്ടിൽ, മിഥുൻ ഇടയ്‌ക്കുവന്ന് നിൽക്കാറുണ്ട്. ഉരുൾപൊട്ടലുണ്ടായ ഉടൻ, കുഞ്ഞിയുടെ വീട്ടിൽ അഞ്ചുപേരേ ഉണ്ടായിരുന്നുള്ളൂ എന്നാണ് രക്ഷാപ്രവർത്തകർ ആദ്യം ധരിച്ചത്. പിന്നെയാണ് വിരുന്നെത്തിയ ഒരാൾകൂടി ഉണ്ടെന്ന് അറിയുന്നത്. തിരച്ചിലിനൊടുവിൽ, മിഥുന്റെ മൃതദേഹം വീടിന്റെ നൂറു മീറ്ററോളം താഴ്ഭാഗത്തുനിന്നു കണ്ടെത്തുകയും ചെയ്തു. 

മറ്റുള്ളവരുടെ മൃതദേഹങ്ങൾ വീടിനു സമീപത്തുനിന്നു തന്നെ കണ്ടെത്തി. നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ മിഥുൻ മഴ കാരണം സ്‌കൂൾ അവധിയായതിനാലാണ് ബുധനാഴ്‌ച വിരുന്നിനെത്തിയത്. അടുത്തുള്ള മുട്ടിയേൽ കോളനിയിലാണ് വീട്. ഉരുൾപൊട്ടലിന്റെ ഭയാനക ശബ്‌ദം കേട്ട് മിഥുൻ ഓടിയതാകും എന്നാണു കരുതുന്നത്. പ്ലസ് വൺ പ്രവേശനം ലഭിച്ച് ക്ലാസിൽ പോകാൻ തുടങ്ങിയിട്ട് ഒരാഴ്‌ചയേ ആയിരുന്നുള്ളു

എരുമമുണ്ട അങ്ങാടിയിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ചെട്ടിയാംമല. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് അനുവദിച്ച മിച്ചഭൂമിയിൽ ഇരുപത്തിയഞ്ചും മുപ്പതും വർഷമായി താമസിക്കുന്ന കുടുംബങ്ങളുണ്ട്. മലയ്ക്കു മീതെ ഒരുമാസം മുൻപ് മണ്ണിടിച്ചിലുണ്ടായിരുന്നതായും സർക്കാർ സംവിധാനങ്ങൾ അതു കാര്യമായെടുത്ത് നടപടികൾ സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു. കനത്ത മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും രക്ഷാപ്രവർത്തനം അസാധ്യമാക്കിയിട്ടും തളരാതെ, കാണാതായവർക്കുവേണ്ടി നാട്ടുകാർ തിരച്ചിൽ നടത്തി. ബുധനാഴ്ച രാത്രി തുടങ്ങിയ രക്ഷാപ്രവർത്തനം ഇന്നലെ വൈകിട്ട് ആറിന് വെളിച്ചക്കുറവ് തടസ്സമുണ്ടാക്കുംവരെ നീണ്ടു.

ഓരോരുത്തരെയും പുറത്തെടുക്കുമ്പോൾ ജീവന്റെ അവസാനസ്പന്ദനത്തിനു വേണ്ടി രക്ഷാപ്രവർത്തകർ കാതോർത്തു. നിലമ്പൂർ നഗരത്തിലും പ്രധാനറോഡുകളിലും വെള്ളം കയറിയതോടെ അഗ്നിരക്ഷാസേനയ്ക്ക് അപകടസ്ഥലത്ത് എത്തിച്ചേരാനോ കണ്ടെടുത്തവരെ ആശുപത്രിയിലേക്കു കൊണ്ടുപോകാനോ കഴിയാത്ത സ്ഥിതിയായിരുന്നു.