കുമ്പസാരം കൂദാശ; ഭരണഘടനാവകാശം ചോദ്യംചെയ്യരുത്: ക്ലിമ്മീസ് ബാവ

കുമ്പസാരം നിര്‍ത്തണമെന്ന നിര്‍ദേശത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് ബാവ. കുമ്പസാരം കൂദാശയാണ്.  ഭരണഘടനാവകാശം ചോദ്യംചെയ്യരുത്. കേന്ദ്രതീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പീഡനക്കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. അതിന്‍റെപേരില്‍ മതവിശ്വാസം തകര്‍ക്കരുതെന്നും കര്‍ദിനാള്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, കുമ്പസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാകമ്മിഷന്‍റെ ശുപാര്‍ശ. കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഒാര്‍ത്തോഡോക്സ് വൈദികരും ജലന്തര്‍ ബിഷപ്പും ഉള്‍പ്പെട്ട ബലാല്‍സംഗ കേസുകള്‍ കേന്ദ്രഏജന്‍സി അന്വേഷിക്കണമെന്നും ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചു.

സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് കുമ്പസാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാശര്‍മ വിശദീകരിച്ചു.

രണ്ടുകേസുകളിലും കേരളത്തിലെത്തി തെളിവെടുപ്പ് നടത്തിയ കമ്മിഷന്‍ ഇരകളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് രേഖാ ശര്‍മ വിമര്‍ശിച്ചു. പ്രതികളെ സംരക്ഷിക്കുന്ന രീതിയില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായി. അന്വേഷണ പുരോഗതി അതാത് സമയത്ത് പ്രതികള്‍ക്ക് ലഭിച്ചിരുന്നെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി. പതിനഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള, പഞ്ചാബ് ഡി.ജി.പിമാര്‍ക്ക് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

കേരളത്തില്‍ ലൗ ജിഹാദ് സജീവമാകുകയാണെന്നും കമ്മിഷന്‍ കണ്ടെത്തി. കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ 27 പരാതികളാണ് ലഭിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും ഉദാസീന മനോഭാവമാണെന്നും രേഖാ ശര്‍മ വിമര്‍ശിച്ചു.