പാളയം പള്ളി കത്തീഡ്രലാക്കാൻ തീരുമാനം; സാമ്പത്തിക ലക്ഷ്യമെന്ന് ആരോപണം; വിവാദം

പാളയത്തെ ചരിത്രപ്രാധാന്യമുള്ള എല്‍.എം.എസ് പള്ളി കത്തീഡ്രലാക്കാനുള്ള സി.എസ്.ഐ ദക്ഷിണകേരള മഹാഇടവകയുടെ തീരുമാനം വിവാദത്തില്‍. ജനാധിപത്യവിരുദ്ധമാണ് നടപടിയെന്നും സാമ്പത്തികലക്ഷ്യമാണ് പിന്നിലെന്നും പള്ളി കമ്മിറ്റി ആരോപിക്കുന്നു. കത്തീഡ്രല്‍ ദക്ഷിണകേരള മഹായിടവകയുടെ യശസ് ഉയര്‍ത്തുമെന്നാണ് സി.എസ്.ഐ സഭാ അധികൃതരുടെ വാദം. മിഷണറിയായിരുന്ന സാമുവല്‍ മെറ്റീറിന്‍റെ സ്മരണയുറങ്ങുന്ന 115 വര്‍ഷം പഴക്കമുള്ള എം.എം.ചര്‍ച്ച് പാളയത്തെ മനോഹരകാഴ്ചയാണ്. സര്‍ക്കാര്‍ ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള, എല്‍.എം.എസ് പള്ളിയെന്ന് അറിയപ്പെടുന്ന എം.എം.ചര്‍ച്ചിന്‍റെ ഭിത്തിയില്‍ ഇപ്പോള്‍ പ്രതിഷേധമുദ്രാവാക്യമുള്ള ബാനറുകള്‍ തൂങ്ങിക്കിടക്കുന്നു. ബിഷപ്പിന്‍റെ നേരിട്ടുള്ള ഭരണത്തിന് കീഴില്‍ വരുന്ന കത്തീഡ്രലാക്കി എം.എം.ചര്‍ച്ചിനെ മാറ്റാനുള്ള ദക്ഷിണകേരള മഹാ ഇടവകയുടെ തീരുമാനമാണ് കാരണം. 2400 കുടുംബങ്ങളുള്‍പ്പെടുന്ന പള്ളിക്കമ്മറ്റിക്കാണ് എം.എം.ചര്‍ച്ചിന്‍റെ നിയന്ത്രണം. കത്തീഡ്രലാക്കിയാല്‍ ഇടവകാംഗങ്ങള്‍ ഭരണത്തില്‍ നിന്ന് പുറത്താകുമെന്ന് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. വിശ്വാസികളെ പേടിപ്പിച്ച് തീരുമാനം നടപ്പിലാക്കാനാണ് ശ്രമമെന്നാണ് ആരോപണം.

എതിര്‍ക്കുന്നവരുടെ ലക്ഷ്യം വേറെയാണെന്നാണ് മഹായിടവക ഭരണസമിതിയുടെ വാദം. കത്തീഡ്രലാക്കാനുള്ള അധികാരം മഹായിടവകയ്ക്കുണ്ട്. കത്തീഡ്രലായതിന്‍റെ പേരില്‍ ആരാധനയ്ക്കുള്ള അവകാശം നിഷേധിക്കപ്പെടില്ല. പള്ളിയോടനുബന്ധിച്ചുള്ള ടിജെഎം ഹാളില്‍ നിന്നുള്ള വരുമാനത്തില്‍. മഹായിടവകയ്ക്ക് അര്‍ഹതപ്പെട്ട നാല്‍പ്പതുശതമാനം തുക വര്‍ഷങ്ങളായി നല്‍കിയിട്ടില്ലെന്നും മഹായിടവക പ്രതിനിധി ആരോപിച്ചു.കത്തീഡ്രലാകുന്നതോടെ പള്ളിഭരണം കൂടുതല്‍ സുതാര്യമാകുമെന്നാണ് മഹായിടവകയുടെ വാദം. എന്നാല്‍ പ്രതിഷേധം കടുപ്പിക്കാനാണ് പള്ളികമ്മിറ്റിയുടെ തീരുമാനം.