ഏകീകൃത കുർബാന: എറണാകുളം- അങ്കമാലി അതിരൂപയ്ക്ക് വത്തിക്കാന്‍ അന്ത്യശാസനം

എറണാകുളം അങ്കമാലി അതിരൂപതയില്‍ സിറോ മലബാര്‍ സഭയുടെ ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പാക്കണമെന്ന അന്ത്യശാസനവുമായി വത്തിക്കാന്‍. ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നതിന്  ഇളവ് നല്‍കിക്കൊണ്ടുള്ള ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍റണി കരിയിലിന് പൗരസ്ത്യ തിരുസംഘം നിര്‍ദേശം നല്‍കി. ഏകീകൃത ബലിയര്‍പ്പണ രീതിക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നും തിരുസംഘത്തിന്‍റെ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ക്രമം നടപ്പിലാക്കുന്നതില്‍ അനിശ്ചിതകാല ഇളവ് നല്‍കിയ മാര്‍ ആന്‍റണി കരിയിലിന്‍റെ നടപടിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടാണ് പൗരസ്ത്യ തിരുസംഘത്തിന്‍റെ പുതിയ സര്‍ക്കുലര്‍. സിനഡ് അംഗീകരിച്ച ബലിയര്‍പ്പണ രീതി നടപ്പാക്കുന്നതില്‍ നിന്ന് എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഇളവ് നല്‍കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാണ് തിരുസംഘത്തിന്‍റെ നിര്‍ദേശം. മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ അധികാരങ്ങള്‍ക്ക് മുകളിലല്ല മെത്രാപ്പൊലിത്തന്‍ വികാരിയുടെ അധികാരമെന്ന് തിരുസംഘത്തിന്‍റെ സര്‍ക്കുലര്‍ ഓര്‍മിപ്പിക്കുന്നു. അതിരൂപതധ്യക്ഷനായ മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ അനുമതിയില്ലാതെ ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിന് ഇളവ് അനുവദിക്കരുത്. 

ഏകീകൃത രീതിയില്‍ ബലിയര്‍പ്പിക്കുന്ന വൈദികരെ പ്രോല്‍സാഹിപ്പിക്കണം. അതിരൂപതയിലെ ദേവാലയങ്ങളില്‍ മെത്രാന്‍മാര്‍ക്ക് ഏകീകൃത രീതിയില്‍ ബലിയര്‍പ്പിക്കാന്‍ സൗകര്യമൊരുക്കണം. സിനഡ് അംഗീകരിച്ച ബലിയര്‍പ്പണ രീതി പിന്തുടരാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും പൗരസ്ത്യ തിരുസംഘം ഓര്‍മിപ്പിക്കുന്നു. സിനഡ് തീരുമാനത്തെ എതിര്‍ക്കുന്നത് സഭയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്ന പ്രതിജ്ഞയുടെ ലംഘനമാണ് . ഏകീകൃത ബലിയര്‍പ്പണ രീതിക്കെതിരായ വൈദികരുടെ നിരാഹാര സമരത്തെയും വത്തിക്കാന്‍ തള്ളിപ്പറയുന്നു. ക്രൈസ്തവ രീതിയ്ക്ക് യോജിക്കാത്ത സമരമാര്‍ഗങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരമാണ് പൗരസ്ത്യ തിരുസംഘം സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.