മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല; കുഴൽനാടന്‍റെ ആവശ്യം തള്ളി

kuzhalnadan-veena
SHARE

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല. കോടതി നേരിട്ടന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.  കോടതി വിധി സര്‍ക്കാരിനും, മുഖ്യമന്ത്രിക്കും ആശ്വാസമാണ്.  

സര്‍ക്കാര്‍ കര്‍ത്തയ്ക്കു നല്‍കിയ സൗകര്യങ്ങളുടെ പ്രതിഫലമാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കു കിട്ടിയ മാസപ്പടിയെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ആദ്യം വിജലന്‍സ് അന്വേഷണമാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് കോടതി നേരിട്ടു അന്വേഷിക്കണമെന്നു നിലപാടു മാറ്റി. കരിമണല്‍ ഖനനത്തിനു മുഖ്യമന്ത്രി നേരിട്ടടപെട്ടുവെന്നതിനു തെളിവായി ഫയല്‍ നോട്ടടക്കം അടക്കം അഞ്ചു രേഖകളാണ് മാത്യു കോടതിയില്‍ ഹാജരാക്കിയത്.

എന്നാല്‍ രേഖകളിലൊന്നും മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവില്ലെന്നായിരുന്നു വിജിലന്‍സ് വാദം. മാത്രമല്ല സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന വാദമുയര്‍ത്തി. ഇരുഭാഗത്തിന്‍റേയും വിശദവാദത്തിനു ശേഷമായിരുന്നു അന്വേഷണം വേണ്ടെന്ന കോടതി തീരുമാനം. വിധി അപ്രതീക്ഷിതമെന്നും നിയമ പോരാട്ടം തുടരുമെന്നുമായിരുന്നു മാത്യുവിന്‍റെ പ്രതികരണം. 

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണെങ്കിലും കോടതിവിധിയില്‍ ആശ്വാസം കൊള്ളുകയാണ് സര്‍ക്കാരും സി.പി.എമ്മും. മാസപ്പടിയില്‍ എസ്.എഫ്.ഐ.ഒ, ഇ.ഡി അന്വേഷണങ്ങളുണ്ടെങ്കിലും അതൊന്നും മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ല.  മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നിരുന്നെങ്കില്‍ രാജി വയ്ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമായിരുന്നു.

Court says no investigation against Chief Minister and Veena Vijayan in masapadi case

MORE IN BREAKING NEWS
SHOW MORE