എസ്.എസ്.എൽ.സി ബുക്കിലെ വിവരങ്ങൾ മാസങ്ങൾക്കുള്ളിൽ മാഞ്ഞു പോവുന്നതായി പരാതി

എസ്.എസ്.എല്‍.സി ബുക്കില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ മാസങ്ങള്‍ക്കുളളില്‍ മാഞ്ഞു പോവുന്നതായി പരാതി. മലപ്പുറം കൊണ്ടോട്ടി, വാഴക്കാട് ഭാഗങ്ങളില്‍ നിന്നാണ് വ്യാപക പരാതി ഉയര്‍ന്നത്.

ആജീവനാന്തം ഉപയോഗിക്കേണ്ട എസ്.എസ്.എല്‍.സി ബുക്കിലെ വിവരങ്ങള്‍ ആഴ്ചകള്‍കൊണ്ടു മാഞ്ഞതിന്റെ ഞെട്ടലിലാണ് ഇപ്രാവശ്യം പത്താംക്ലാസ് പരീക്ഷ പാസായ ചില വിദ്യാര്‍ഥികള്‍. പലര്‍ക്കും ലഭിച്ച എപ്ലസ് മാഞ്ഞ് പകരം എ മൈനസായി മാറിയവരുമുണ്ട്. ദിവസങ്ങള്‍ക്കകം ഫലം മാഞ്ഞത് അറിയാത്തവരുമേറെ. ചീക്കോട് കെ.കെ.എച്ച്.എസ്.എസ്, വാഴക്കാട് ജി.എച്ച്.എസ്.എസ്, കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി ബുക്ക് മാറ്റി നല്‍കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

പല പരീക്ഷകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ നോക്കുബോഴാണ് വിദ്യാര്‍ഥികളില്‍ പലരും എസ്. എസ്.എല്‍.സി ബുക്കിലെ വിവരങ്ങള്‍ മാഞ്ഞു പോയത് ശ്രദ്ധിക്കുന്നത്. നിലവാരമില്ലാത്ത പേപ്പറും മഴിയും ഉപയോഗിക്കുന്നതാണ് മാഞ്ഞുപോവാനുളള കാരണമെന്നാണ് വിലയിരുത്തല്‍.