എ.ഡി.ജി.പിയുടെ മകളുടെ രഹസ്യമൊഴിയെടുപ്പ് മുടങ്ങി

എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകള്‍ പഞ്ചാബിലേക്ക് പോയതോടെ ഗവാസ്കറെ മര്‍ദിച്ച കേസിലെ രഹസ്യമൊഴിയെടുപ്പ് മുടങ്ങി. ഇതോടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ മറ്റൊരു തീയതി തേടി ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കി. അതേസമയം ഗവാസ്കറുടെ രഹസ്യമൊഴി ഒന്നിന് രേഖപ്പെടുത്തും.

എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകളുടെ രഹസ്യമൊഴി ചൊവ്വാഴ്ച രേഖപ്പെടുത്താനായിരുന്നു കോടതി സമയം അനുവദിച്ചത്. ക്രൈംബ്രാഞ്ച് അതനുസരിച്ചുള്ള നടപടികളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എ.ഡി.ജി.പിയുടെ മകള്‍ സ്വന്തം നാടായ പഞ്ചാബിലേക്ക് പോയതോടെ രഹസ്യമൊഴി രേഖപ്പെടുത്താനായില്ല. 

വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും മറ്റൊരു ദിവസം മൊഴിയെടുക്കാന്‍ തയാറാണെന്നും എ.ഡി.ജി.പിയുടെ കുടുംബം അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ മടങ്ങിയെത്തുന്ന 29ന് ശേഷം സമയം അനുവദിക്കണമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കി.ഇവര്‍ക്ക് പുറമെ ഗവാസ്കര്‍, എ.ഡി.ജി.പിയുടെ പഴ്സനല്‍ സ്റ്റാഫംഗം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പൊലീസ് പരിശീലക എന്നിവരുടെ രഹസ്യമൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇതില്‍ ഗവാസ്കറടക്കം മൂന്ന് പേരുടെയും ഒന്നാം തീയതി രേഖപ്പെടുത്തും. 

എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന് ഗവാസ്കറും ഗവാസ്കര്‍ മോശമായി പെരുമാറിയെന്ന് പരാതിയില്‍ എ.ഡി.ജി.പിയുടെ മകളും ഉറച്ച് നില്‍ക്കുന്നതോടെയാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴിയെടുപ്പ് അടുത്ത മാസം ഒന്നാം തീയതി വരെ നീളുമെന്ന് ഉറപ്പായതോടെ അറസ്റ്റ്  ഇപ്പോഴൊന്നുമുണ്ടാകില്ലെന്ന് ഉറപ്പായി.