കൊളുക്കുമലയില്‍ തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയുടെ അനധികൃത പണപ്പിരിവും കയ്യേറ്റവും

ഇടുക്കി കൊളുക്കുമലയില്‍ തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയുടെ അനധികൃത പണപ്പിരിവും കയ്യേറ്റവും. കേരളത്തിലൂടെയുള്ള  വഴിയടച്ച്  സ്വകാര്യ കമ്പനിയുടെ സ്ഥലത്തുകൂടി വാഹനങ്ങള്‍ തിരിച്ചുവിട്ടാണ് വന്‍ തട്ടിപ്പ്. സഞ്ചാരികളുടെ തലയെണ്ണിയുള്ള പണപ്പിരിവ് ചോദ്യം ചെയ്ത ഡ്രൈവര്‍മാര്‍ക്കെതിരേ കമ്പനി അധികൃതരുടെ ഭീഷണി കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍.

കൊളുക്കുമലയിലേയ്ക്ക് ജീപ്പ് സവാരിനടത്തിയിരുന്ന   കേരളത്തിലൂടെയുള്ള വഴിയില്‍  മരങ്ങള്‍ വെട്ടിയിട്ടും കുപ്പിച്ചില്ലു വിതറിയും   ഗതാഗതയോഗ്യമല്ലാതാക്കി. സംസ്ഥാന റവന്യൂ ഭൂമി കയ്യേറി തമിഴ്നാട് ഫോറസ്റ്റിന്റെ ബോർഡും സ്ഥാപിച്ചു. തുടര്‍ന്ന് തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയുടെ വഴിയിലൂടെ സഞ്ചാരികളുടെ കൈയ്യില്‍ നിന്ന് പണം വാങ്ങി അകത്തേയ്ക്ക് കടത്തിവിടും. കൊളുക്കുമലയിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ എറ്റവും നന്നായി അസ്വദിക്കാനാവുന്ന കേരളത്തിലെ പാതകൾ തടഞ്ഞാണ് തട്ടിപ്പ്. സൂര്യനെല്ലിയിലെ ടിക്കറ്റ് കൗണ്ടറില്‍ പണമടച്ച് ജപ്പുകളില്‍ എത്തുന്ന സ്ഞ്ചാരികളില്‍ നിന്നും ആളൊന്നിന് നൂറുരൂപാ വച്ചാണ് ഇവര്‍ വാങ്ങുന്നത്.

ഉണ്ടായിരുന്ന വഴി അടച്ച് സര്‍ക്കാര്‍ സ്ഥലം കയ്യേറി അനധികൃതമായി പണപ്പിരുവ് നടത്തുന്നതിനെതിരേ ജീപ്പ് ഡ്രൈവര്‍മാര്‍ രംഗത്തെത്തിയെങ്കിലും സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി.

കമ്പനി അനദികൃതമായി സ്ഥലം കയ്യേറി  പണപ്പിരുവ് നടത്തുന്നത് ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ഫലമില്ലെന്നും അധികൃതരുടെ ഒത്താശയോടെയാണ്  ദിനംപ്രതി ആയിരക്കണക്കിന് രൂപാ പിരിച്ചെടുക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

കേരളത്തിന്റെ വിനോദസഞ്ചാരമേഖലയുടെ വഴിയടച്ചുള്ള വന്‍തട്ടിപ്പാണ് കൊളുക്കുമലയില്‍ നടക്കുന്നത്.  സ്വകാര്യകമ്പനിയില്‍ നിന്ന് മാസപ്പടിവാങ്ങി തട്ടിപ്പിന് ഒത്താശചെയ്യുന്നാകട്ടെ ഉദ്യോഗസ്ഥരും.