താമരശേരി ചുരത്തില്‍ മഴക്കെടുതി കാരണമുണ്ടായ തടസങ്ങള്‍ പരിഹരിച്ചില്ല

കേരളത്തെ കര്‍ണാടക തമിഴ്നാട് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശിയപാതയിലെ താമരശേരി ചുരത്തില്‍ മഴക്കെടുതി കാരണമുണ്ടായ തടസങ്ങള്‍ പരിഹരിച്ചില്ല. ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കണമെങ്കില്‍ ദിവസങ്ങളെടുക്കും. കെ.എസ്.ആര്‍ടി.സി കൂടുതല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം.

കേരളത്തെ കര്‍ണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766 ന്റെ ഭാഗമായ താമരശേരി ചുരത്തിലൂടെയുള്ള യാത്രാ പ്രതിസന്ധി തുടരുകയാണ്.ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ഭാഗം അപകടാവസ്ഥയില്‍ തുടരുന്നു.

മൈസൂരു ബെംഗളൂരു, ഗൂഡല്ലൂര്‍, ഊട്ടി  തുടങ്ങിയ ഇടങ്ങളിലൂടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിരവില്‍പ്പുഴ – കുറ്റ്യാടി വഴിയാണ് പോകുന്നത്. ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നത് വൈകും. പുനര്‍നിര്‍മ്മിക്കാനായി ഇതുവരെ പ്രത്യേക ഫണ്ട് അനുവദിച്ചിട്ടില്ല.അതീവ അപകടാവസ്ഥയിലായതിനാല്‍ കൂടുതല്‍ ജാഗ്രതയോടെയും ശാസ്ത്രീയമായ രീതിയിലും വേണം അറ്റകുറ്റപ്പണികള്‍.ഇതിന് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പിടക്കുമെന്നാണ് പൊതുമരാമത്ത് വിഭാഗം ദേശീയപാത അധികൃതര്‍ പറയുന്നത്. അതുവരേക്കും ചെറിയ വാഹനങ്ങള്‍ക്ക് മാത്രമേ സഞ്ചരിക്കാന്‍ കഴിയൂ.

കോഴിക്കോട് കല്‍പറ്റ ഭാഗങ്ങളില്‍ നിന്ന് അപകടാവസ്ഥ നിലനില്‍ക്കുന്ന സ്ഥലത്തിന് അടുത്തുവരെ സര്‍വീസ് നടത്തുമെന്ന  കെഎസ്ആര്‍ടിസിയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇത്തരം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാത്തത് കല്‍പറ്റ ലക്കിടി വൈത്തിരി ഭാഗങ്ങളിലേക്ക് മറ്റ് ജില്ലകളില്‍ നിന്നും വരുന്നവരെയാണ് സാരമായി ബാധിക്കുന്നത്.