വാഗ്ദാനങ്ങള്‍ നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് നീര കര്‍ഷകര്‍

നീര പ്രതിസന്ധി മറികടക്കാന്‍ ഒറ്റ ബ്രാന്‍ഡില്‍  വിപണി പിടിക്കാനുള്ള ശ്രമങ്ങള്‍ വേണമെന്ന് കര്‍ഷകര്‍. മോഹന വാഗ്ദാനങ്ങള്‍  നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചതായും കര്‍ഷകര്‍ ആരോപിച്ചു. നീര പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി ഉണ്ടാകുമെന്ന് നാദാപുരം എം.എല്‍.എ, ഇ.കെ. വിജയന്‍ പറഞ്ഞു. വടകരയില്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച നാട്ടുകൂട്ടത്തിലായിരുന്നു കര്‍ഷകരുടെ ആരോപണവും എംഎല്‍.എയുടെ മറുപടിയും.

ഇതായിരുന്നു കര്‍ഷകര്‍ക്ക് സര്‍ക്കാരിനോട് പറയാനുണ്ടായിരുന്നത്. മോഹന വാഗ്ദാനത്തില്‍ കുടുങ്ങിയാണ് പലരും നാളികേര വികസന കമ്പനികള്‍ രൂപീകരിച്ചതെന്ന് ഇവര്‍ തുറന്ന് പറഞ്ഞു.  വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന് നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ ഉറപ്പു നല്‍കി. 

നാളികേര വികസന ബോര്‍ഡിനെതിരെയായിരുന്നു കര്‍ഷകരുടെ  പരാതികള്‍ മുഴുവന്‍. വളം പോലും കൃത്യമായി വിതരണം ചെയ്യാനാകുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.  നാളികേര വികസന ബോര്‍ഡിന് സ്ഥിരം ചെയര്‍മാനില്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നതായി ബോര്‍ഡ് അംഗം തുറന്ന് സമ്മതിച്ചു.

ഒറ്റ ബ്രാന്‍ഡില്‍ നീരയെ വിപണിയില്‍ അവതരിപ്പിച്ചാല്‍ പ്രതിസന്ധി മറികടക്കാമെന്ന്  തിരുകൊച്ചി നാളികേര ഉല്‍പാദക കമ്പനി ചൂണ്ടികാട്ടി. നാട്ടുകൂട്ടം ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് മനോരമ ന്യൂസില്‍ കാണാം.