ഉമ്മയോടൊപ്പം അജ്മലും പോയി; കളിക്കളത്തിലെ മിന്നും സ്റ്റോപ്പർ ബാക്ക്: കരഞ്ഞ് നാടും

അഖിലേന്ത്യാ സെവൻസ് മൽസരങ്ങളിൽ ആയിരക്കണക്കിന് ആരാധകർക്ക് ആവേശത്തിന്റെ ആരവം തീർത്ത ഫുട്ബോള്‍ താരമായിരുന്നു അജ്മല്‍ പേങ്ങാട്ടിരി. ഗ്രാമീണമേഖലയായ പാലക്കാട് നെല്ലായയില്‍ നിന്ന് ചുരുങ്ങിയകാലം കൊണ്ട് കാല്‍പ്പന്തുകളിയുടെ താരമായി പേരുകേട്ട അജ്മലിന്റെ മരണം നാടിന് വേദനയായി. പുലര്‍ച്ചെ പാലക്കാട് പട്ടാമ്പിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അജ്മലും ഉമ്മ സുഹറ, ‌ഫുട്ബോള്‍ കളിക്കാരനായ സുല്‍ത്താനുമാണ് മരിച്ചത്. എറണാകുളത്തു പോയി മടങ്ങി വരുമ്പോള്‍ അജ്മലും സംഘവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട കണ്ടെയ്നര്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അജ്മലിന്റെ സഹോദരി റജീന, മകന്‍ അഫ്നാഷ്, സുല്‍ത്താന്റെ മാതാവ് ജസീന എന്നിവര്‍ പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. 

എ വൺ ഫുട്ബാൾ അക്കാദമിയിലൂടെ കളിച്ച് വളർന്ന് കേരളത്തിന്റെ മികച്ച സ്റ്റോപ്പർബാക്ക് എന്ന പദവിയിലേക്ക് ഒാടിക്കയറിയ അജ്മലിന്റെ വിയോഗം മലപ്പുറം പാലക്കാട് മേഖലയിലെ ഫുട്ബോള്‍ നേട്ടങ്ങള്‍ക്ക് നഷ്ടമാണ്. സോക്കർ സ്പോർട്ടിങ് ഷൊർണൂരിന്റെ സ്ഥിരം കളിക്കാരനായിരുന്ന അജ്മൽ ജില്ലാ യൂത്ത് ഫുട്ബോളിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല സ്റ്റോപ്പർബാക്ക് എന്ന പദവിക്ക് അർഹനായി. നിരവധി അംഗീകാരങ്ങൾ ലഭിച്ചു. അൽമദീന അയ്യൂബിന് ശേഷം കേരളത്തിന് ലഭിക്കാൻ പോകുന്ന ഏറ്റവും നല്ല സ്റ്റോപ്പർ ബാക്ക് അജ്മലായിരിക്കുമെന്ന് കായികലോകം പ്രതീക്ഷിച്ചിരുന്നു. കളിക്കളത്തില്‍ വീറുംവാശിയും പ്രകടിപ്പിക്കുമെങ്കിലും സഹകളിക്കാരോടുളള പെരുമാറ്റത്തില്‍ അജ്മല്‍ ശാന്തനായിരുന്നു. പ്രതിരോധക്കാർ എന്നും പ്രശ്നക്കാരാണെങ്കില്‍ സംയമനത്തോടെയും പുഞ്ചിരിയോടെയും പ്രതിരോധം തീർക്കാനുള്ള അജ്മലിന്റെ മികവ് വേറിട്ടതാണെന്ന് സുഹൃത്തുക്കള്‍ ഒാര്‍ക്കുന്നു.

നിരവധി വേദനകളിലൂടെയാണ് അജ്മല്‍ കഴിഞ്ഞ കാലങ്ങളില്‍ കടന്നുപോയത്. അസുഖത്തെ തുടർന്ന് അകാലത്തിൽ മരണപ്പെട്ട പിതാവ്, സഹോദരി പുത്രന്റെ മരണം. ഇതിനൊപ്പമാണ് ജീവനുതുല്യം സ്നേഹിച്ച മാതാവ് സുഹറയ്ക്കൊപ്പം അജ്മലും യാത്രയായത്. ഉമ്മയ്ക്ക് തുണയായി നില്‍ക്കണമെന്ന ആഗ്രഹത്തിനുമുന്നില്‍ പലതും ഉപേക്ഷിച്ചു. ഖത്തർ കെ.എം.സി.സി.ക്കു വേണ്ടി കളിക്കാനായി തുടർച്ചയായ നാലു വർഷം ക്ഷണം ലഭിച്ചിട്ടും ഉമ്മയെ തനിച്ചാക്കി പോകാനാവാത്തതിനാൽ ക്ഷണം സ്നേഹപൂർവം അജ്മല്‍ നിരസിച്ചിരുന്നു. അജ്മല്‍ ഉള്‍പ്പെടെയുളളവരുടെ ദുഖത്തില്‍ തേങ്ങുകയാണ് നെല്ലായ ഗ്രാമം.