വൈ നോട്ട് വി ടി ബൽറാം ,രാഹുൽ ? വി.ടിയെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് സിവിക് ചന്ദ്രൻ

കെപിസിസി പ്രസിഡന്റ് ആരാകണമെന്ന ചർച്ചകൾ സജീവമായിരിക്കേ വി.ടി ബൽറാമിനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി സിവിക് ചന്ദ്രൻ രംഗത്ത്. വിഎം സുധീരൻ കെപിസിസി പ്രസിഡന്റ് ആയപ്പോൾ കോൺഗ്രസിനു പുറത്തുളള പൊതു സമൂഹം കൂടി പരിഗണിക്കപ്പെടുകയായിരുന്നു. വിഎസിനെ പോലെ തന്നെ നവ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നയാളാണ് സുധീരൻ. ആ നിയമനം ഫലപ്രദമായില്ലെങ്കിൽ കൂടി അതിനർത്ഥം  ഉമ്മൻ ചാണ്ടി - ചെന്നിത്തലമാരുടെ കാലുകളിലേക്ക് പന്ത് തിരിച്ചടിച്ചിട്ട് കൊടുക്കുകയല്ലെന്ന് സിവിക് ചന്ദ്രൻ പറഞ്ഞു വെയ്ക്കുന്നു.

പുതിയ കോൺഗ്രസ് ,ഹിന്ദുത്വ രാഷ്ട്രീയത്തെ നിവർന്നു നിന്ന് എതിരിടാനൊരുങ്ങുന്ന കോൺഗ്രസ് ,സി പി എമ്മിനെ അഭിമുഖീകരിക്കാൻ ആത്മവിശ്വാസമുള്ള കൊൺഗ്രസ് ,സി പി എം നഷ്ടപ്പെടുത്തിയ പിന്നോക്ക- ന്യൂനപക്ഷ - ദലിത്- സ്ത്രീ - മതേതര അടിത്തറയിലെക്ക് വാതിൽ തുറക്കുന്ന കോൺഗ്രസ് ,കക്ഷിരാഷ്ട്രീയത്തിന് പുറത്തുള്ള ജനകീയ പ്രതിരോധങ്ങളുമായ് വർത്തമാനം പറയാൻ സന്നദ്ധമായ കോൺഗ്രസ് ... ഇതെല്ലാം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ ആകാംക്ഷകളിൽ പെടുമെങ്കിൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്ന കെ സുധാകരനടക്കമുള്ള പേരുകളല്ല ലിസ്റ്റിൽ ഉണ്ടാവേണ്ടിയിരുന്നതെന്നും സിവിക് ചന്ദ്രൻ നിരീക്ഷിക്കുന്നു.

പുതിയ യുവ കോൺഗ്രസിന്റെ പ്രതീകമായുയർന്നു വരുന്ന വിടി ബൽറാം കൂടെ എന്തുകൊണ്ട് പരിഗണിക്കപ്പെട്ടു കൂടാ ? രാഹുൽ ഗാന്ധി ദേശീയ തലത്തിൽ കോൺഗ്രസിനെ നയിക്കാനൊരുങ്ങുമ്പോൾ ബൽറാമിനെ പോലൊരാൾ കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ പരിഗണിക്കപ്പെടുന്നത് തികച്ചും സ്വാഭാവികം .വൈ നോട്ട് വി ടി ബൽറാം ,രാഹുൽ ? എന്ന ചോദ്യമുയർത്തിയാണ് സിവിക് ചന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.