അരുവിക്കരയിൽ കുപ്പിവെളള വിവാദം; സർക്കാരിൽ ഭിന്നത

തിരുവനന്തപുരം അരുവിക്കരയില്‍ 16 കോടിമുടക്കി ജലഅതോറിറ്റി നിര്‍മിച്ച കുപ്പിവെള്ള പ്ലാന്റിനെ ചൊല്ലി സര്‍ക്കാരില്‍ ഭിന്നത. പദ്ധതി ഉപേക്ഷിക്കണമെന്ന് നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ജലവിഭവ വകുപ്പ് എം.ഡിക്ക് കത്തയച്ചു. എന്നാല്‍ പ്ലാന്റുമായി മുന്നോട്ടുപോകുമെന്ന് ജലവിഭവമന്ത്രി മാത്യു ടി.തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം കുപ്പിവെള്ള ലോബിയെ സഹായിക്കാനാണെന്നാണ് ആക്ഷേപം. 

കുപ്പിവെള്ള വിപണിയിലിറങ്ങി സമയം നഷ്ടപ്പെടപ്പെത്തരുതെന്ന് ചൂണ്ടിക്കാട്ടി‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ജല അതോറിറ്റി എംഡിക്ക് എഴുതിയ കത്താണിത്. 2015 ഒക്ടോബറിലാണ് പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 2016ല്‍ നിര്‍മാണവും തുടങ്ങി. അരുവിക്കര അണക്കെട്ടിനടുത്ത് ഒരേക്കര്‍ സ്ഥലത്ത് പ്ലാന്റിന്റെ പണി പൂര്‍ത്തിയായി. പരീക്ഷണ പ്രവര്‍ത്തനവും വിജയിച്ചു. കുപ്പിവെള്ളം വിപണിയിലെത്താറായപ്പോഴാണ് പുതിയ നീക്കം. എന്നാല്‍ പദ്ധതി ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നും കുപ്പിവെള്ള പ്ലാന്റ് ഉപേക്ഷിക്കാന്‍ നീക്കമില്ലെന്നും മന്ത്രി പറയുന്നു.

കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മന്ത്രിയും, ജല വകുപ്പ് എംഡിയും ഉറപ്പിച്ച് പറയുമ്പൊഴും ദുരൂഹത അവസാനിക്കുന്നില്ല.കുറഞ്ഞ വിലക്ക് കുപ്പിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട പദ്ധതിക്ക് തുരങ്കംവയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇത് കുപ്പിവെള്ള ലോബിയെസഹായിക്കാനാണെന്നും കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നു.