സിനിമ സ്വപ്നം കണ്ടെത്തി; ഭാവി അനിശ്ചിതത്വത്തിലായി ഇവര്‍; സമരമുഖം

‘പ്രോജക്ട് ചെയ്യാനുള്ള പണം പോലും അനുവദിക്കുന്നില്ല. സിനിമയും പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും സ്വപ്നം കണ്ട് നടന്ന ഞങ്ങൾക്ക് കിട്ടിയ അനുഗ്രഹമായിട്ടാണ് ഇതിനെ കണ്ടത്. പക്ഷേ ഞങ്ങൾക്ക് ഇവിടെ അഭിമുഖീകരിക്കേണ്ടി വന്നത് ഞങ്ങളുടെ സ്വപ്നങ്ങളായിരുന്നില്ല. സാംസ്കാരിക വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎ ഉമ്മൻ ചാണ്ടി സാറും ഇൗ വിഷയത്തിൽ ഇടപെടണം. ഞങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കണം.’ 

കോട്ടയം പുതുപ്പള്ളിയിലെ കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ വാക്കുകളാണിത്. ഇൻസ്റ്റിറ്റ്യൂട്ടിനെതിരെയുള്ള അവഗണനയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ഇന്നുമുതൽ അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുകയാണ്. പട്ടികവർഗ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും ഇതുവരെ ലഭ്യമായിട്ടില്ല. നിലവിൽ വിദ്യാർഥികൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് ചെലവുകൾ വഹിക്കുന്നത്. 

ഇന്ത്യയിലെ മൂന്നാമത്തെ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടായ കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിൽ അഡ്മിനിസ്ട്രേഷന്‍ പരാജയപ്പെട്ടെന്നാണ് വിദ്യാർഥികളുടെ ആരോപണം. ദേശീയ നിലവാരത്തിലുള്ള ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് അവശ്യം വേണ്ടതായ പ്രിവ്യൂ തീയേറ്ററോ മിക്സിംഗ് സ്റ്റുഡിയോയോ നിലവിലില്ല.  കൂടാതെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഡിപ്‌ളോമ ഫിലിമിനായി അനുവദിച്ചിട്ടുള്ള തുക പോലും വിദ്യാർഥികൾക്ക് ഇതുവരെ അധികൃതർ നൽകിയിട്ടില്ല. രണ്ട് ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കേണ്ട പ്രോജക്ട് 35,000 രൂപയ്ക്കാണ് തീര്‍ത്തതെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. സ്ഥാപനത്തിന് സ്ഥിരമായി ഡയറക്ടര്‍ വേണമെന്ന ആവശ്യം പോലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ  കെ.അമ്പാടിയാണ്  ഡയറക്ടര്‍. അദ്ദേഹത്തിന് മറ്റു വകുപ്പുകളുടെ ചുമത കൂടി വഹിക്കണമെന്നതിനാല്‍ സ്ഥാപനത്തിന് മേല്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നില്ലന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കൃത്യമായ ആസൂത്രണവും സംഘാടന മികവും ഇല്ലാത്തതിനാല്‍ 2017 ബാച്ച് സീറോ ബാച്ചായി പ്രഖ്യാപിച്ചതും വിവാദമായിരുന്നു. 

ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ. പ്രശ്നപരിഹാരത്തിനായി സ്ഥലം എംഎൽഎയായ ഉമ്മൻചാണ്ടിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഇടപെടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2016 ജനുവരി 11ന് അന്നത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനായി സമർപ്പിച്ചത്.  എന്നാല്‍ 2014 തന്നെ ആദ്യബാച്ച് ഇവിടെ പഠനം ആരംഭിച്ചിരുന്നു.  2018 ബാച്ചിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ത്യ ഉറ്റു നോക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്നോട്ടടിക്കുന്ന സാഹചര്യം ഇല്ലാതാക്കാനും വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കുന്ന നിലപാടില്‍ മാറ്റം വരുത്താനുമാണ് സമരം ആരംഭിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.