കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായി ടോമിന്‍ ജെ തച്ചങ്കരി ചുമതലയേറ്റു

കെ.എസ്.ആര്‍.ടി.സി. സി.എം.ഡി യായി ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ചുമതലയേറ്റു. തൊഴിലാളികള്‍ തന്റെയൊപ്പം നിന്നാല്‍ ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും യൂണിയനുകള്‍ക്കൊപ്പം ചേര്‍ന്ന് കൂട്ടുഭരണത്തിന് താല്‍പര്യമില്ലെന്നും അദേഹം പറഞ്ഞു. ജീവനക്കാരുടെ മുന്‍പില്‍ തബല വായിച്ചായിരുന്നു പുതിയ സി.എം.ഡി അധികാരമേല്‍ക്കല്‍ ചടങ്ങ്.

ചുമതലയേറ്റയുടന്‍ പ്രധാന ഓഫീസിലെ ജീവനക്കാരെയെല്ലാം വിളിച്ചുകൂട്ടിയാണ് പുതിയ സി.എം.ഡി തബലയില്‍ താളമിട്ടത്. പെന്‍ഷന്‍കിട്ടാതെ ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരിലൊരാളാണ് തച്ചങ്കരിയെ തബല വായിക്കാന്‍ പഠിപ്പിച്ചത്. അദേഹത്തെ സാക്ഷിയാക്കിയുള്ള ഗുരുദക്ഷിണയായിരുന്നു തബലവായന. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടതാളം മാറ്റാനുള്ള ആയുധം കയ്യിലുണ്ടെന്ന് പറഞ്ഞ് നയം വ്യക്തമാക്കി.

മുന്‍ എം.ഡി എ.ഹേമചന്ദ്രനില്‍ നിന്നാണ് ചുമതലയേറ്റെടുത്തത്. നിയമവിരുദ്ധമായ കാര്യങ്ങള്‍  അംഗീകരിക്കില്ലെന്ന് യൂണിയനുകള്‍ക്ക് മുന്നറിയിപ്പും നല്‍കി. ജീവനക്കാരുടെ പ്രശ്നങ്ങളും കള്ളത്തരങ്ങളും കണ്ടുപിടിക്കാന്‍ മിന്നല്‍ പരിശോധനയുണ്ടാകും.

ഒടുവില്‍ മുദ്രവാക്യവും വിളിപ്പിച്ചാണ് യോഗം അവസാനിപ്പിച്ചത്.