വ്യാജ ഹർത്താലിന്റെ മറവിൽ കടയടപ്പിക്കലും ബസ് തടയലും

സമൂഹ മാധ്യമങ്ങളിലൂടെയുള്ള  ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍  സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും ബസ് തടയലും.  സംഘര്‍ഷമുണ്ടായ മലപ്പുറം ജില്ലയിലെ താനൂര്‍, പരപ്പനങ്ങാടി, തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് ഹര്‍ത്താല്‍ അനുകൂലികള്‍ തള്ളിക്കയറിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലു  പൊലീസുകാര്‍ക്ക് പരുക്കേറ്റു.  വാഹനങ്ങൾ തടയാൻ ശ്രമിച്ച 15 പേരെ ടൗൺ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രകടനമായി എത്തിയവരാണ് സംഘർഷമുണ്ടാക്കിയത്. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘം ചേര്‍ന്ന് വാഹനം തടഞ്ഞു. മാത്തോട്ടത്ത് കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഏഴുപേരെ മാറാട് പൊലീസ് കസ്റ്റഡിയിലെടുത്തു.  കാസര്‍കോട്ട് കല്ലേറില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് പരുക്കേറ്റു. പാലക്കാട്ട് ചെർപ്പുളശേരി, പട്ടാമ്പി,  ഒറ്റപ്പാലം ലക്കിടി, മണ്ണാര്‍ക്കാട് , കുഴല്‍മന്ദം എന്നിവിടങ്ങളില്‍ കടകടള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. പാലക്കാട് നഗരത്തില്‍ മേലാമുറിയില്‍ പൊലീസിനു നേരെ കല്ലെറിഞ്ഞവര്‍ക്കു എതിരെ ലാത്തിച്ചാര്‍ജ് നടത്തി.   മലപ്പുറത്ത് തിരൂര്‍, താനൂര്‍, പൊന്നാനി ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  വയനാട്ടില്‍ കല്‍പ്പറ്റയിലും മാനന്തവാടിയിലും കടകള്‍ അടപ്പിച്ചു. തൃശൂര്‍ തിരുവില്വാമലയിലും പഴയന്നൂരിലും  സ്വകാര്യ ബസുകള്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു. എറണാകുളം മൂവാറ്റുപുഴയില്‍ ഹര്‍ത്താലിനെ അനുകൂലിച്ച് ഒരുസംഘമാളുകള്‍ പ്രകടനമായെത്തിയതോട സ്വകാര്യബസുകള്‍ സര്‍വീസ് നിര്‍ത്തി. കൊല്ലത്ത് കടകളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. തിരുവനന്തപുരം  ബാലരാമപുരത്ത് പ്രതിഷേധക്കാര്‍ നാല് ഓട്ടോറിക്ഷകളുടെ ചില്ല് തകര്‍ത്തു. ചാലയില്‍ നിര്‍ബന്ധിച്ച് കടകള്‍ അടപ്പിച്ചു. ചാലയിലെ ഹര്‍ത്താല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ജീവന്‍ ടി.വി റിപ്പോര്‍ട്ടര്‍ ചന്തു ചന്ദ്രശേഖറിനെ ഹര്‍ത്താല്‍ അനുകൂലികള്‍ കയ്യേറ്റം ചെയ്തു. ബാലരാമപുരം, നെടുമങ്ങാട്, വെള്ളനാട്, പനവൂര്‍ എന്നിവിടങ്ങളില്‍ പ്രകടനമായെത്തിയവര്‍ കടകള്‍ അടപ്പിച്ചു. ആലപ്പുഴ നഗരത്തിൽ ആകെ 27 പേരെ അറസ്റ്റുചെയ്തു. കോട്ടയത്ത് പാലാ ഈരാറ്റുപേട്ടയില്‍ ഒരു സംഘമാളുകള്‍ നിര്‍ബന്ധിച്ച് കടയടപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.