വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാനാകില്ലെന്ന് മന്ത്രി

വിഴി‍ഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിയമസഭയെ അറിയിച്ചു.ഓഖി ദുരന്തമുണ്ടാക്കിയ നാശനഷ്ടങ്ങളും പാറക്ഷാമവുമാണ് പദ്ധതി വൈകാന്‍ കാരണം. ആയിരം ദിവസം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു കരാറുകാരായ അദാനി കമ്പനിയുടെ വാഗ്ദാനം.

വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാകാന്‍ പ്രതീക്ഷിച്ചതിലും വൈകും. 1460 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി 2019 ഡിസംബര്‍ 5ന് വാണിജ്യ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു കരാര്‍. 1000 ദിവസംകൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു കരാറുകാരായ അദാനി കമ്പനിയുടെ വാഗാദ്നം. എന്നാല്‍ ഒാഖി കാരണമായുണ്ടായ നാശനഷ്ടങ്ങളും പാറക്ഷാമവും പദ്ധതി മന്ദഗതിയിലാക്കിയെന്നാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ രേഖാമൂലം സഭയെ അറിയിച്ചത്. ഒാഖികാരണം കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിച്ചു. രണ്ടു ഡ്രഡ്ജറുകള്‍ തകരാറിലായതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിച്ചു. തമിഴ്നാട്ടില്‍ നിന്നും കല്ല് ഇറക്കുമതി ചെയ്യാന്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു. സമയബന്ധിതമായി  നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് അദാനി ഗ്രൂപ്പ് സി ഇ ഒ രാജേഷ് ഝാ നേരത്തെ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. നിലവില്‍ പൈലിങ്ങും പൈലിങ് ബ്ളോക്കിന്റെ നിര്‍മാണവുമാണ് പുരോഗമിക്കുന്നത്. പുലിമുട്ട് നിര്‍മാണവും ഉടന്‍ തുടങ്ങും.