ഓഖി; മത്സ്യമേഖലയ്ക്ക് ബജറ്റിൽ പ്രത്യേക പാക്കേജ്

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റില്‍ മല്‍സ്യമേഖലയ്ക്ക് പ്രത്യേകപാക്കേജ് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് മല്‍സ്യമേഖലയ്ക്കുള്ള അടങ്കലും കൂടും. മല്‍സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും അടിസ്ഥാനസൗകര്യവികസനത്തിനുമായിരിക്കും മുഖ്യപരിഗണന.  കടലില്‍ അകപ്പെടുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകളെങ്കിലും അനുവദിക്കും.   ഐസിയു യൂണിറ്റോടെയുള്ള ആംബുലന്‍സിന് എട്ടുകോടിരൂപയാണ് വില. കൊച്ചിന്‍ ഷിപ്പ്്യാര്‍ഡിലായിരിക്കും നിര്‍മാണം.ആദ്യ ആംബുലന്‍സിന് ധനവകുപ്പ് വ്യാഴാഴ്ച അനുമതി നല്‍കിയിരുന്നു.കോസ്റ്റ് ഗാര്‍ഡിന് കൂടുതല്‍ ബോട്ടുകള്‍ വാങ്ങുന്നതിനും പണം നല്‍കും.

മല്‍സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനുള്ള കൂടുതല്‍ നാവിക് ഉപകരണങ്ങള്‍ വാങ്ങും. ഓഖിയില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് പഠനത്തിന് പ്രത്യേക പദ്ധതിയുണ്ടാകും. തൊഴില്‍ പരിശീലനം, ഭവനപദ്ധതി എന്നിവയ്ക്കും നീക്കിയിരിപ്പുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ബജറ്റിലെ 408 കോടിയേക്കാള്‍ തീരമേഖലയ്ക്കുള്ള അടങ്കല്‍ കാര്യമായി ഉയരും. ഇതേസമയം കടാശ്വാസപദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്. കടലാക്രമണം രൂക്ഷമായ തീരങ്ങളില്‍ പുലിമുട്ടോ കടല്‍ഭിത്തിയോ സ്ഥാപിക്കുക, പെന്‍ഷന്‍ മാസംതോറും നല്‍കുക, ലംപ്സം ഗ്രാന്റ് സ്കൂള്‍തുറക്കുമ്പോള്‍ തന്നെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും തീരമേഖല ഉന്നയിക്കുന്നു