കേരള സര്‍വകലാശാല വിസിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്െഎ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

മെറിറ്റ് അട്ടിമറിച്ച് അധ്യാപകനിയമനം നടത്തിയ വൈസ് ചാന്‍സലര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.െഎ കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസും പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതോടെ മണിക്കൂറോളം സര്‍വകലാശാല ആസ്ഥാനം യുദ്ധക്കളമായി. യോഗ്യതയില്ലാത്തയാളെ മാര്‍ക്ക് ദാനം ചെയ്ത് നിയമിച്ചത് മനോരമ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. 

പൊലീസ് വലയംഭേദിച്ച പ്രവര്‍ത്തകര്‍ വി സി ഇരിക്കുന്ന കെട്ടിടത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം, ബലം പ്രയോഗിച്ച് പുറത്തിറക്കിയതോടെ പൊലീസിന് നേരെയായി.നിലത്തുവീണ പൊലീസുകാരനെ പ്രവര്‍ത്തകര്‍ ചവുട്ടി, പിന്നെ ലാത്തിയടിയും ജലപീരങ്കിയും 

ഇടയ്ക്ക് സംഘര്‍ഷത്തിന് അയവുവന്നെങ്കിലും വീണ്ടും പൊലീസിന് നേരെ‌ പരാക്രമം. ജലപീരങ്കിയുടെ സുരക്ഷവലയും ലൈറ്റും തകര്‍ത്ത പ്രവര്‍ത്തകര്‍ പൊലീസിന്റ ഹെല്‍മറ്റുകള്‍ വലിച്ചെറിഞ്ഞു. കന്റോണ്‍മെന്റ് എസ്.െഎ ബി.എം ഷാഫിക്ക് പരുക്കേറ്റു. 

ഇതിനിടെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് എ.എ റഹീം ഉള്‍പ്പടെ നാല് സിന്‍‌ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ വി.സി പൊലീസില്‍ പരാതി നല്‍കി.