ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി റഷ്യൻ സംവിധായകന്റെ തുറന്ന് പറച്ചിൽ

ആവിഷ്കാര സ്വാതന്ത്ര്യം കിട്ടാത്തതല്ല, ആവിഷ്കാരങ്ങള്‍ ആരെ കാണിക്കും എന്നതാണ് റഷ്യയിലെ ചലച്ചിത്രകാരന്മാര്‍ നേരിടുന്ന വെല്ലുവിളിയെന്ന് വിശ്രുത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവ്. സാഹിത്യകാന്മാരും ഇതേ പ്രതിസന്ധിനേരിടുന്നു. റഷ്യയില്‍ ഇന്ന് എന്തെഴുതാനും എന്തുപ്രമേയം ചലച്ചിത്രങ്ങളില്‍ ആവിഷ്കരിക്കാനും തടസമില്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. 

ഏഷ്യയ്ക്കും യുറോപിനും മധ്യേ ലക്ഷ്യബോധമില്ലാതെ അലയുന്ന റഷ്യയെക്കുറിച്ചുള്ള സൊകുറോവിന്റെ ആവിഷ്കാരമാണ് റഷ്യന്‍ ആര്‍ക്ക്. തൊണ്ണൂറ് മിനിറ്റ് നീളുന്ന ഒറ്റഷോട്ടില്‍ തീര്‍ത്ത റഷ്യന്‍ ആര്‍ക് ഐസന്‍സ്റ്റീനും, കുളഷോവുമൊക്കെ തീര്‍ത്തുവെച്ച ചലച്ചിത്രമാതൃകകളെ പാടെ നിരാകരിക്കുന്നു. ഡിജിറ്റല്‍ ലോകത്തിന്റെ ഉന്മാദവേഗങ്ങളെ ചെറുക്കുന്നു ഈ സിനിമ. എങ്ങോട്ടാണീ പാച്ചില്‍ എന്ന ഈ മനോഭാവം സൊകുറോവ് സിനിമകളുടെ കാതലാണ്. ചുളുവില്‍ പടമെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ കാണികളിലെത്തിക്കുന്ന പ്രവണതകളെ സൊകുറോവിന് ഇഷ്ടമല്ല 

കമ്മ്യൂണിസ്റ്റ് റഷ്യയില്‍ ഏറെ സെന്‍സര്‍ഷിപ്പുകള്‍ക്ക് വിധേയനാകേണ്ടിവന്നിട്ടുണ്ട് സൊകുറോവിന്. ആവിഷ്കാര സ്വാതന്ത്ര്യം ആഗ്രഹിച്ചിരുന്നവര്‍ക്ക് മാലാഖയായാണ് മിഖായേല്‍ ഗോര്‍ബച്ചേവ് വന്നതെന്ന് അദ്ദേഹം പറയുന്നു. റഷ്യയില്‍ ഇപ്പോള്‍ എന്തും എഴുതാം. എതുസിനിമയും എടുക്കാം. 

22 ാം രാജ്യാന്തര ചലച്ചിത്രമേളയില്‍ ആജീവനാന്ത സേവനങ്ങള്‍ക്കുള്ള പുരസ്കാരം നല്‍കിയാണ് കേരളം അലക്സാണ്ടര്‍ സൊകുറോവിനെ ആദരിക്കുന്നത് 

MORE IN KERALA