ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് കേരളത്തിൽ നിന്ന്; അനുരാഗ് കശ്യപ്

ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നാണെന്ന് ബോളിവുഡ് സംവിധായകൻ  അനുരാഗ് കശ്യപ്.കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎഫ്എഫ്കെയില്‍ പങ്കെടുക്കണമെന്ന് ഏറെക്കാലമായി താൻ ആഗ്രഹിക്കുന്ന കാര്യമാണെന്നും തന്‍റെ സുഹൃത്തുക്കളില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ടെന്നും അനുരാഗ് കശ്യപ്. കുറച്ച് വര്‍ഷങ്ങളായി താൻ ഐഎഫ്എഫ്കെയ്ക്ക് എത്താന്‍ ശ്രമിക്കുന്നുവെന്നും പക്ഷേ സമയത്തിന്‍റെ അപര്യാപ്തത കാരണം സാധ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു. മുഖ്യധാരയിലും പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. അത് ഈ മണ്ണില്‍ വേരുറപ്പിക്കുന്നതും സമയ കാലങ്ങളെ അടയാളപ്പെടുക്കുന്നതുമാണ്. അത് ഹിന്ദി സിനിമയില്‍ കാണുവാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.