കൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ചു; ജീവനക്കാരൻ മരിച്ചു

കൊരട്ടി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കു പുറകിൽ ഇടിച്ച മറ്റൊരു ലോറിയ്ക്ക് തീപിടിച്ചു. നിർത്തിയിട്ട ലോറിക്കടിയിൽ ടയർ മാറ്റുകയായിരുന്ന ജീവനക്കാരൻ തൽക്ഷണം മരിച്ചു. 

രാവിലെ ആറേകാലോടെയായിരുന്നു അപകടം. തളിപറമ്പിൽ നിന്ന് അറവുശാലയിലെ എല്ലിൻ കഷണങ്ങളുമായി കാലടിയിലേക്ക് പോയ ലോറിയുടെ ടയർ പഞ്ചറായി. വഴിയരികിൽ വണ്ടി നിർത്തി sയർ മാറ്റുന്നതിനിടെ മറ്റൊരു ലോറി വന്നിടിച്ചു. ടയർ പഞ്ചറായ ലോറി ഇടിയുടെ ആഘാതത്തിൽ മറിഞ്ഞു. ഈ ലോറിക്കടിയിൽ ടയർ മാറ്റിയിരുന്ന ജീവനക്കാരൻ തളിപറമ്പ് സ്വദേശി ഉബൈദ് തൽക്ഷണം മരിച്ചു. ഈ ലോറിയുടെ ഡ്രൈവർ ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. തമിഴ്നാട്ടിൽ നിന്ന് സവാള കയറ്റി കൊച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ചതും തീ പിടിച്ചതു. ഈ ലോറിയിലെ ജീവനക്കാർ തീപിടിക്കും മുമ്പേ പുറത്തേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു. ലോറി പൂർണമായും കത്തി. ഫയർഫോഴ്സ് ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്. ലോറിയുടെ ബാറ്ററിയിൽ നിന്നാണ് തീ പടർന്നത്. അപകടത്തെ തുടർന്ന് ഒന്നര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. തൃശൂർ.കൊച്ചി റോഡിലാണ് ഗതാഗതം തടസപ്പെട്ടത്.