സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം കര്‍ശനമാക്കുന്നു

സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം കര്‍ശനമാക്കുന്നു. ജനുവരി മുതല്‍ പഞ്ച് ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല. ‌ഇതിന്റ ഭാഗമായി പുതിയ പഞ്ചിങ് മെ·ഷീനുകള്‍ സ്ഥാപിക്കാനും പൊതുഭരണവകുപ്പ് കെല്‍ട്രോണിന് നിര്‍ദേശം നല്‍കി. 

പഞ്ചിങ് മെഷീനെ നോക്കുകുത്തിയാക്കി സെക്രട്ടേറിയറ്റില്‍ നിന്ന് മുങ്ങുന്ന ജീവനക്കാര്‍ ഇനി ശ്രദ്ധിക്കുക. ജനുവരി മുതല്‍ കൃത്യമായി പഞ്ച് ചെയ്തില്ലെങ്കില്‍ ശമ്പളം കിട്ടില്ല. മുങ്ങുന്നവരെ കണ്ടെത്താന്‍ ശമ്പളബില്ല് തയാറാക്കുന്ന സോഫ്ട് വെയറായ സ്പാര്‍ക്കുമായി പഞ്ചിങ് മെഷീന്‍ ബന്ധിപ്പിക്കും. ഇതോടെ പഞ്ച് ചെയ്യാത്ത ദിവസത്തെ ശമ്പളം കൃത്യമായി ബില്ലില്‍ കുറയും. നിലവിലെ മെഷീന്‍ പര്യാപ്തമല്ലാത്തതിനാല്‍ 15ന് മുമ്പ് പുതിയ മെഷീന്‍ സ്ഥാപിക്കാനും കെല്‍ട്രേണിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പുതിയ സംവിധാനം പ്രായോഗികമല്ലെന്നാണ് പ്രതിപക്ഷ സംഘടനയുടെ നിലപാട്. 

2010ലാണ് സെക്രട്ടേറിയറ്റില്‍ പഞ്ചിങ് സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ ഇപ്പോഴുമിത് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നില്ല. പഞ്ചിങ് കര്‍ശനമാക്കുന്നതിന്റ ഭാഗമായി സ്ഥിരമായി പഞ്ച് ചെയ്യാത്തവരുടെ ലിസ്റ്റ് ശേഖരിച്ചിട്ടുണ്ട്. പുതിയതായി സര്‍വീസില്‍ കയറിയവരും തിരിച്ചറിയല്‍ കാര്‍ഡ് ഇതുവരെയും കൈപ്പറ്റാത്തവരും നഷ്ടപ്പെട്ടവരും 15ന് മുമ്പ് കൈപ്പണമെന്നും പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഒന്നാം തീയതി മുതല്‍ പുറമെ കാണത്തക്കവിധം എല്ലാവരും കാര്‍ഡ് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. സെക്രട്ടേറിയേറ്റ് ജീവനക്കാര്‍സമയത്ത് എത്തണമെന്നും മുഴുവന്‍ സമയവും സീറ്റിലുണ്ടായിരിക്കണമെന്നും അധികാരമേറ്റെടുത്തതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.