ഗവര്‍ണറെ നിയമപരമായി നേരിടും; തിരക്കിട്ട നീക്കങ്ങളുമായി സർക്കാർ

ഗവര്‍ണറുടെ അന്ത്യശാസനത്തെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍. ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. ഗവര്‍ണറുടേത് അസാധാരണ നീക്കമെന്ന് മന്ത്രി പി.രാജീവ്. ജനാധിപത്യത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. രാജി നല്‍കില്ലെന്ന് കണ്ണൂര്‍ വിസി അറിയിച്ചു.

കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയതോടെ തിരക്കിട്ട നീക്കങ്ങളാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്നത്. ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തി കോടതിയെ സമീപിക്കാനാണ് നീക്കം. തീരുമാനം പരീക്ഷയെ അടക്കം ബാധിച്ചേക്കുമെന്നു കോടതിയെ ബോധിപ്പിക്കും. വി.സിമാരോട് രാജിവെയ്ക്കേണ്ടെന്നു ആവശ്യപ്പെടുമെന്നു സൂചനയുണ്ട്. അന്ത്യശാസനം വി.സിമാര്‍ തള്ളിയാല്‍ ഗവര്‍ണറുടെ അടുത്ത നീക്കവും നിര്‍ണായകമാകും. സീനിയര്‍ പ്രൊഫസര്‍മാരുടെ പട്ടിക നേരത്തെ തന്നെ ഗവര്‍ണര്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്.

വിഷയത്തില്‍ രാഷ്ട്രീയനിലപാട് നേരത്തെ വന്നതെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. ഗവര്‍ണര്‍ക്ക് രാഷ്ട്രീയ അജന്‍‍ഡയാണെന്നും ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാജിവെയ്ക്കില്ലെന്നും വേണമെങ്കില്‍ ഗവര്‍ണര്‍ക്ക് പുറത്താക്കാമെന്നുമായിരുന്നു കണ്ണൂര്‍ വി.സിയുടെ പ്രതികരണം.

ldf government against kerala governor