സിപിഎം സിപിഐ തര്‍ക്കം; പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തനം സ്തംഭിച്ചു

സിപിഎം സിപിഐ തര്‍ക്കത്തില്‍ പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ പേരാമ്പ്ര എസ്റ്റേറ്റ് പ്രവര്‍ത്തനം സ്തംഭിച്ചു. നിസാര പ്രശ്നങ്ങള്‍ ഉന്നയിച്ച് സിപിഎം പിന്തുണയ‌ോടെ നടക്കുന്ന തൊഴിലാളി സമരം തുടരുന്നതിനാല്‍ കോര്‍പറേഷന് പ്രതിദിന നഷ്ടം ആറു ലക്ഷം രൂപയാണ്. മുപ്പത്തിയ്യായിരം കിലോ റബ്ബര്‍ പാല്‍ കെട്ടിക്കിടന്ന് നശിക്കുന്നു. 

മന്ത്രി ടിപി രാമകൃഷ്ണന്‍റെ മണ്ഡലത്തിലാണ് പൊതുമേഖലാ സ്ഥാപനമായി പ്ലാന്‍റേഷന്‍ കോര്‍പ്പറേഷനെതിരെ ഭരണകക്ഷിയായ സിപിഎം തന്നെ സമരം നടത്തുന്നത്.സമരം എട്ട് ദിവസം പിന്നിട്ടതോടെ എസ്റ്റേറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. റബ്ബര്‍ പാല്‍ കയറ്റുമതി തടസ്സപ്പെട്ടു,.ആറ് ദിവസമായി റബ്ബര്‍ ടാപ്പിങ് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പ്രതിദിനം അയ്യായിരം കിലോ റബ്ബര്‍ പാല് ശേഖരിക്കുന്ന എസ്റ്റേറ്റില്‍ ടാപ്പിങ് നിര്‍ത്തിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ ദിവസ വേതനക്കാരായ 312 തൊഴിലാളികളുടെ ജോലിയും കൂലിയും നഷ്ടപ്പെടും. 

4 തൊഴിലാളികള്‍ക്കെതിരെ എസ്റ്റേറ്റ് മാനേജര്‍ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. എന്നാല്‍ കോര്‍പ്പറേഷന്റെ പൊതുചട്ടപ്രകാരം സ്വീകരിച്ച നടപടി പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് അധികൃതര്‍. 

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ കെടുകാര്യസ്ഥതയ്ക്കെതിരെയാണ് സമരമെന്നും സിപിഎം വിശദീകരിക്കുന്നു. എഐടിയുസി ഐഎന്‍ടിയുസി എച്ച്എംഎസ് തുടങ്ങി മറ്റ് തൊഴിലാളി സംഘടനകളെല്ലാം സമരത്തിനെതിരാണ്.