'ജാഗ്രതക്കുറവ്, നാവുപിഴ'; ഇസ്മയിലിനെ തളളി സിപിഐ

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട സി.പി.ഐ നിലപാടിനെതിരെ രംഗത്തുവന്ന കെ.ഇ ഇസ്മയിലിനെ പൂർണമായും തള്ളി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന പ്രസ്താവന ജാഗ്രതക്കുറവ് മൂലമെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കുറ്റപ്പെടുത്തി. മന്ത്രിസഭായോഗത്തിൽ നിന്ന് വിട്ടുനിന്നത് പാർട്ടി തീരുമാനപ്രകാരം. മനോരമ ന്യൂസിലൂടെ കെ.ഇ. ഇസ്മയിൽ നടത്തിയ പരസ്യപ്രതികരണം പാർട്ടി ചർച്ചചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു. 

തോമസ് ചാണ്ടിയുടെ രാജിവൈകിയെന്ന സി.പി.ഐ നിലപാടിനെ ഇങ്ങിനെ തിരുത്തിക്കൊണ്ടായിരുന്നു കെ.ഇ.ഇസ്മയിലിന്റെ ആദ്യ പ്രതികരണം. അതിന് അസിസ്റ്റന്റ് സെക്രട്ടറിയുടെ മറുപടിയിങ്ങിനെ. മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് പാർട്ടിയിൽ എല്ലാവരും അറിഞ്ഞില്ലന്ന ആരോപണത്തിനും എണ്ണിയെണ്ണി മറുപടി നൽകി. 

കെ.ഇ. ഇസ്മയിലിന്റെ ആക്ഷേപത്തെ ജാഗ്രതക്കുറവെന്നും നാവുപിഴയെന്നും വിമർശിച്ചതിനൊപ്പം സംസ്ഥാന കാര്യങ്ങളിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം ഇടപെടേണ്ടെന്ന പരോക്ഷ മുന്നറിയിപ്പും ഔദ്യോഗിക നേതൃത്വം നൽകി. പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് പാർട്ടിക്കുള്ളിലെ ചേരിതിരിവ് പരസ്യമായതോടെ ബുധനാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് നിർണായകമാവുകയാണ്.