ആന്ധ്രക്കു പിന്നാലെ തെലങ്കാനയും ജാതി സെന്‍സസിന്; അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ആന്ധ്രാപ്രദേശിനു പിന്നാലെ ജാതി സെന്‍സസ് ആരംഭിക്കാനുള്ള ഒരുക്കങ്ങളുമായി തെലങ്കാന സര്‍ക്കാര്‍. ജാതി സെന്‍സസ് ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയെന്നു തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രെസ് റിലീസില്‍ പറയുന്നു. ന്യൂനപക്ഷ, പിന്നാക്ക, ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള ഡിപ്പാര്‍ട്ട്മെന്‍റുകളുടെ വിശകലനം നടത്തിയ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി  ജാതി സെന്‍സസ് നടത്തുമെന്ന തെരഞ്ഞെടുപ്പു വാഗ്ദാനം തങ്ങള്‍ പാലിക്കുമെന്നു പറഞ്ഞു. ഗുരുകുല സ്കൂളുകള്‍ നടത്തുന്നതിനായി കെട്ടിടങ്ങള്‍ വാടകക്ക് എടുക്കുന്നതിന് പകരം സ്ഥിരം കെട്ടിടങ്ങളാക്കാനുള്ള പ്രൊപ്പോസലുകള്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ക്കു അദ്ദേഹം നിര്‍ദേശം നല്‍കി. 

അതേസമയം രേവന്ത് റെഡ്ഢിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. നീതിയിലേക്കുള്ള ആദ്യചുവടു വച്ച രേവന്ദ് റെഡ്ഢിക്കും തെലങ്കാന സര്‍ക്കാരിനും അഭിനന്ദനങ്ങള്‍ എന്നാണ് രാഹുല്‍ എക്സില്‍ കുറിച്ചത്. 'ജാതി സെന്‍സസ് നീതിയിലേക്കുള്ള ആദ്യപടിയാണ്. കാരണം ഒരു സമൂഹത്തിന്‍റെ സാമൂഹികവും സാമ്പത്തികവുമായ ആരോഗ്യാവസ്ഥ അറിയാതെ ശരിയായ പദ്ധതികള്‍ ഉണ്ടാക്കുക അസാധ്യമാണ്. രാജ്യത്തിന്‍റെ അഭിവൃദ്ധിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും തുല്യ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഒരേയൊരു മാർഗം ജാതി സെൻസസ് മാത്രമാണ്. നിതിയിലേക്കുള്ള ആദ്യചുവട് വെച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കും തെലങ്കാന സര്‍ക്കാരിനും അഭിനന്ദനങ്ങള്‍,' രാഹുല്‍ കുറിച്ചു. 

Telangana government to start caste census