കേജ്‍രിവാളിനെ വേദനിപ്പിച്ചതിന് മറുപടി; ഡല്‍ഹിയില്‍ 7 സീറ്റും 'ഇന്ത്യ' നേടുമെന്ന് കുല്‍ദീപ് കുമാര്‍

ഡല്‍ഹിയില്‍ ഇത്തവണ എല്ലാ സീറ്റിലും ഇന്ത്യ സഖ്യം വിജയിക്കുമെന്ന് ഈസ്റ്റ് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി കുല്‍ദീപ് കുമാര്‍ മനോരമ ന്യൂസിനോട്. കള്ളക്കേസില്‍ കുടുക്കി കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതില്‍ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലാണെന്നും പ്രതികരണം. ബിജെപിയുടെ ഹര്‍ദീപ് മല്‍ഹോത്രയാണ് കുല്‍ദീപിന്‍റെ എതിരാളി. 

ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലിയും ഡല്‍ഹി മന്ത്രി അതിഷിയും ക്രിക്കറ്റ് താരം ഗൗതം ഗംഭീറും കഴിഞ്ഞ തവണ മല്‍സരിച്ച ഈസ്റ്റ് ഡല്‍ഹി മണ്ഡലം‌. 2019ല്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടിന് ബിജെപിയുടെ ഗംഭീര്‍ വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും സംയുക്തമായാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. കേജ്‌രിവാളിനെ വേദനിപ്പിച്ചതില്‍ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് നിലവിലെ എംഎല്‍എ കൂടിയായ കുല്‍ദീപ് കുമാര്‍.  

അരവിന്ദ് കേജ്‌രിവാളിന്‍റെ ഭാര്യ സുനിതയുടെ റോഡ് ഷോയോടെ ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലെ ഇന്ത്യ സഖ്യ പ്രചാരണം ഉച്ചസ്ഥായിയിലെത്തി. പിന്നാക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനായി പ്രവര്‍ത്തിച്ചിട്ടുള്ള കുല്‍ദീപ് കുമാര്‍ 2012 മുതല്‍ അരവിന്ദ് കേജ്‍രിവാളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നയാളാണ്. 2017ല്‍ ഡല്‍ഹി കോര്‍പ്പറേഷനില്‍ പ്രായം കുറഞ്ഞ കൗണ്‍സിലറായി. 2020ല്‍ കോണ്ഡ്ലി മണ്ഡലത്തില്‍നിന്ന് എംഎല്‍എയായി വിജയിച്ചു. ഡല്‍ഹിയിലെ ഏഴ് ലോക്സഭ സീറ്റില്‍ ആപ്പ് നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് മല്‍സരിക്കുന്നത്.