രണ്ടില്‍ രണ്ടും നേടാമെന്ന കണക്കുകൂട്ടലില്‍ മുസ്‍ലിം ലീഗ്; സമസ്ത വിഷയം പ്രതിഫലിച്ചില്ലന്ന് വിലയിരുത്തല്‍

മല്‍സരിച്ച രണ്ടു സീറ്റുകളും നിലനിര്‍ത്താനാകുമെന്ന കണക്കുകൂട്ടലില്‍  മുസ്‍‍ലീം ലീഗ്.  പ്രചാരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ വിവാദമുയര്‍ത്തിയ സമസ്ത വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലന്നാണ് ലീഗിന്‍റെ വിശ്വാസം. മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറിന് വലിയ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പിക്കാനാകുമെന്ന കണക്കുകളാണ് മുസ്‍‍ലീം ലീഗിന്‍റെ പക്കലുളളത്. സമസ്തയില്‍ ഒരു വിഭാഗത്തിന്‍റെ  എതിര്‍പ്പ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും സമസ്ത ഏറെക്കുറെ പൂര്‍ണമായും ലീഗിനെ പിന്തുണച്ചുവെന്ന നിഗമനത്തിലാണ് നേതൃത്വം.

പൊന്നാനിയില്‍ സമസ്ത വിഷയം ലീഗിനെ ബാധിക്കുമെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും ലീഗ് സ്ഥാനാര്‍ഥി എം.പി അബ്ദുസമദ് സമദാനിയെ ബഹുഭൂരിപക്ഷം സമസ്തക്കാരും കയ്യൊഴിഞ്ഞില്ലെന്ന വിശ്വാസത്തിലാണ് ലീഗ്. മുസ്‍ലീം ലീഗിന്‍റെ മുന്‍ നേതാവ് എന്ന നിലയില്‍ കെ.എസ്. ഹംസക്ക് പാര്‍ട്ടിക്കുളളില്‍ നിന്ന് കൂടുതല്‍ വോട്ട് ചോര്‍ത്താനായില്ലെന്നും ലീഗ് വിലയിരുത്തുന്നു. മലപ്പുറത്ത് 72.9 ശതമാനവും പൊന്നാനിയില്‍ 69.21 ശതമാനവുമാണ് ഇപ്രാവശ്യത്തെ പോളിങ്. കഴിഞ്ഞ പ്രാവശ്യത്തെ അപേക്ഷിച്ച് പോളിങ് കുറഞ്ഞത് രണ്ടു സ്ഥലങ്ങളിലും ലീഗിനെ ബാധിക്കില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 

Enter AMP Embedded Script