കഴിഞ്ഞ തവണ നഷ്ടപ്പെട്ട വോട്ടുകള്‍ തിരികെ കിട്ടിയെന്ന് സിപിഎം; കള്ളവോട്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

വോട്ടെടുപ്പിന് പിന്നാലെ കാസർകോട് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പരാജയഭീതിയാണ് ആരോപണത്തിന്റെ പിന്നിലെന്നാണ് എൽഡിഎഫിന്റെ മറുപടി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാർട്ടി വോട്ടുകൾ തിരിച്ചുകിട്ടിയെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സിപിഎം വിലയിരുത്തൽ. 

ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും എൽഡിഎഫ്, രണ്ടെണ്ണത്തിൽ യുഡിഎഫ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞെങ്കിലും ഈ കണക്കിലാണ് എൽഡിഎഫിന്റെ പ്രതീക്ഷകൾ. പയ്യന്നൂരും കല്യാശേരിയും ഉൾപ്പെടുന്ന പാർട്ടി ശക്തികേന്ദ്രങ്ങളിൽ പാർട്ടി വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാനായെന്നാണ് വാദം. എൽഡിഎഫ് മൂന്നാം സ്ഥാനത്തുള്ള മഞ്ചേശ്വരത്തും കാസർകോടും പോളിങ് കുറഞ്ഞത് അനുകൂലമാകുമെന്നും വിലയിരുത്തൽ.

വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണം. ഇത്തവണയും എൽഡിഎഫ് വോട്ടുകൾ തനിക്ക് ലഭിച്ചെന്നും ഉണ്ണിത്താൻ. കാസർകോട് നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്നും ഉണ്ണിത്താന്റെ പ്രതീക്ഷ. കാസർകോടും മഞ്ചേശ്വരത്തും രണ്ടാം സ്ഥാനത്തുള്ള ബിജെപി പിടിക്കുന്ന വോട്ടുകളും ഇരുമുന്നണികളുടെയും ജയപരാജയങ്ങളിൽ നിർണായകമാകും.

Enter AMP Embedded Script