തുരങ്കത്തിൽ റെയ്ഞ്ചില്ല; എസ്.ഒ.എസ് വൈകി; ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ചിത്രം: NDTV

ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് ചികിൽസ വൈകിയതിനെ തുടർന്ന് മരിച്ചു. ഡൽഹിയിലെ പ്രഗതി മൈതാൻ തുരങ്കത്തിലാണ് ദാരുണസംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്നതിനിടെ തുരങ്കത്തിനുള്ളില്‍ വച്ച് രാജന്‍ റായിയുടെ ബൈക്ക് അപകടത്തില്‍പ്പെട്ടു. ഒന്നര കിലോമീറ്റര്‍ നീളമുള്ള ടണലിനുള്ളില്‍ മൊബൈല്‍ റെയ്ഞ്ച് ലഭ്യമല്ലാതിരുന്നതിനെ തുടര്‍ന്ന് മറ്റ് വാഹനങ്ങളിലെത്തിയവര്‍ക്കും ആംബുലന്‍സ്, പൊലീസ് സര്‍വീസുകളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ രാജന്റെ ഹെല്‍മെറ്റ് പൂര്‍ണമായും തകര്‍ന്ന് തലയ്ക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു. സാധ്യമായത്ര വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കൃത്യസമയത്ത് ചികില്‍സ ലഭ്യമായിരുന്നെങ്കില്‍ മകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും തുരങ്കത്തില്‍ കണക്ടിവിറ്റി ലഭ്യമല്ലാത്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രാജന്റെ കുടുംബം വ്യക്തമാക്കി. അഞ്ച് അടിപ്പാതകളുള്ള തുരങ്കം കഴിഞ്ഞ വര്‍ഷമാണ് ഉദ്ഘാടനം ചെയ്തത്. സുരക്ഷിതമായ യാത്രയ്ക്കായി തുരങ്കത്തിനുള്ളില്‍ അഗ്നിരക്ഷാ സംവിധാനവും, സിസിടിവി സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അവകാശവാദം. 

No phone signal in Delhi tunnel, injured teen dies after SOS call delay