'എനിക്ക് ശ്വാസം മുട്ടുന്നു'; അമേരിക്കന്‍ പൊലീസിന്‍റെ അതിക്രമത്തില്‍ കറുത്തവര്‍ഗക്കാരന് ദാരുണാന്ത്യം

അമേരിക്കന്‍ പൊലീസിന്‍റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം. 2020ലെ ജോർജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായ സംഭവമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലെ ഒഹിയോയില്‍ നടന്നത്. ഫ്രാങ്ക് ടൈസൺ എന്ന 53കാരനാണ് പൊലീസിന്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് പൊലീസ് ടൈസണെ പിടികൂടിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റെസ്റ്റോറന്‍റിലേക്ക് കടന്നുവരുന്ന പൊലീസുകാരോട് 'അവര്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, ഷെരീഫിനെ വിളിക്കൂ' എന്ന് (പൊലീസിനെ) ആവര്‍ത്തിച്ചു പറയുന്ന ടൈസണെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അകത്തെത്തിയ പൊലീസ് ടൈസണെ വിലങ്ങുവയ്ക്കാന്‍ ശ്രമിക്കുന്നതും ടൈസണെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങില്‍ വ്യക്തമാണ്. വിലങ്ങണിയിക്കുന്നതിനിടെ പൊലീസുകാരില്‍ ഒരാള്‍ ടൈസണിന്‍റെ കഴുത്തില്‍ മുട്ടുകാല്‍ വച്ച് അമര്‍ത്തുകയും ടൈസന്‍ തനിക്ക് ശ്വാസം മുട്ടുന്നെന്ന് കരഞ്ഞ് പറയുന്നതുമാണ് പുറത്തുവന്ന വിഡിയോയിലുളളത്.

പൊലീസ് ഓഫീസറുടെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏപ്രിൽ 18ന് നടന്ന ഒരു കാർ അപകടത്തിന്‍റെ ഭാഗമായാണ് പൊലീസ് ടൈസണെ പിടികൂടാനെത്തിയത്. വാഹനാപകടം നടന്ന സ്ഥലത്തെ ഒരു ദൃക്സാക്ഷിയാണ് റെസ്റ്ററന്‍റിലേക്ക് പ്രതി പോയതായി പൊലീസിനെ അറിയിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന് മുന്‍പേ തന്നെ പൊലീസ് റെസ്റ്റോറന്‍റിനകത്ത് കണ്ട ടൈസണെ പ്രതിയെന്നാരോപിച്ച് കീഴ്പ്പെടുത്തുകയായിരുന്നെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ടൈസണിന്‍റെ ശബ്ദം നിലച്ചപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ നിന്നും കാലുമാറ്റിയത്. തുടര്‍ന്ന് ടൈസണിന് ശ്വാസമില്ലെന്ന് മനസിലാക്കിയതോടെ സിപിആര്‍ നല്‍കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ടൈസണ്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴുത്തില്‍ കാലുവച്ചമര്‍ത്തിയകിനെ തുടര്‍ന്ന് ശ്വാസം നിലച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഒഹിയോ ബ്യൂറോ ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ (ഒസിഐ) സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

2020ല്‍ സമാനസാഹചര്യത്തിലാണ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ അതിക്രമം തന്നെയായിരുന്നു ജോർജ് ഫ്ലോയ്ഡിന്‍റെ മരണത്തിന് കാരണം. പൊലീസ് ഓഫീസര്‍ കഴുത്തില്‍ കാലമര്‍ത്തി വച്ചതിനെ തുടര്‍ന്ന് ശ്വാസം നിലച്ചതാണ് ജോർജ് ഫ്ലോയ്ഡിന്‍റെ മരണകാരണം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജോർജ് ഫ്ലോയ്ഡിന്‍റെ മരണം അന്തർദേശീയ തലത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. 

'I can't breathe': Black man in Ohio tells police before he died