കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്റൈന്‍ മോര്‍ച്ചറിയില്‍; ദുരൂഹത

ഏപ്രില്‍ 2023 മുതല്‍ കാണാതായ തായ് മോഡലിന്റെ മൃതദേഹം ബഹ്റൈനിലെ മോര്‍ച്ചറിയില്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി.  31കാരിയായ തായ് മോഡലിനെ കാണാതായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് മൃതദേഹം കണ്ടെടുത്തത്.  സംഭവത്തില്‍ ദുരൂഹതയില്ലെന്നും മദ്യവിഷബാധയാണ് മരണകാരണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

കെയ്കാന്‍ കെന്നക്കം മോഡലിങ്ങുമായി ബന്ധപ്പെട്ട കരാറുകള്‍ കുറഞ്ഞതോടെയാണ് ബഹ്റൈനിലേക്ക് താമസം മാറ്റുന്നത്. വടക്കുകിഴക്കന്‍ തായ്‍‌ലന്റില്‍ താമസിക്കുന്ന കുടുംബത്തെ സഹായിക്കാനാണ് ബഹ്റൈനിലേക്ക് സ്ഥലം മാറി ഒരു റെസ്റ്റോറന്റില്‍ ജോലി ചെയ്തുവന്നത്. പതിവായി കുടുംബവുമായി സോഷ്യല്‍മീഡിയ വഴിയുള്‍പ്പെടെ കെയ്കാന്‍ ബന്ധപ്പെടുമായിരുന്നു. ബഹ്റൈനില്‍ തന്റെ ആണ്‍സുഹൃത്തിനൊപ്പമാണ് കഴിയുന്നതെന്നും കെയ്കാന്‍ കുടുംബത്തോട് പറഞ്ഞിരുന്നു. 

എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തോടെ സോഷ്യല്‍മീഡിയ വഴിയുള്ള ബന്ധങ്ങളെല്ലാം നിലച്ചു. ഫോണിലും കെയ്കാനെ കിട്ടാതായി. ജനുവരി മാസത്തില്‍ തായ് എംബസി വഴി കുടുംബം കെയ്കാനെ കണ്ടെത്താന്‍ സഹായം തേടി. എന്നാല്‍ ഗള്‍ഫ് കമ്മ്യൂണിറ്റിയിലെ തായ് പ്രവര്‍ത്തകരിലൂടെയാണ് മരണവിവരം കുടുംബം അറിഞ്ഞത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18നാണ് ഒരു മൃതദേഹം കണ്ടെത്തിയതായി ബഹ്റൈനിലെ തായ് എംബസിയും കുടുംബത്തെ അറിയിക്കുന്നത്. 

മനാമയിലെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലാണ് കെയ്കാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. 

കാലിലെ ടാറ്റൂ ആണ് കെയ്കാനെ തിരിച്ചറിയാന്‍ സഹായിച്ചത്. മദ്യവിഷബാധയെത്തുടര്‍ന്ന് ശ്വാസകോശവും ഹൃദയവും തകരാറിലായതാണ് മരണകാരണമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം കെയ്കാന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളും ചതവുകളും ഉണ്ടായിരുന്നെന്നും എന്നിട്ടും മദ്യവിഷബാധയാണ് കാരണമെന്ന് പറയുന്നതെന്തുകൊണ്ടെന്നും കെയ്കാന്റെ സഹോദരി ചോദിക്കുന്നു. നിരവധി ദുരൂഹതകളുണ്ടെന്നും അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. 

Body of Thai model found in Bahrain morgue