ശരീര ഭാരം കുറയ്ക്കാന്‍ നടത്തിയ ശസ്ത്രക്രിയ പിഴച്ചു; യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

ശരീര ഭാരം കുറയ്ക്കാന്‍ നടത്തിയ ശസ്ത്രക്രിയ പിഴച്ചതിനെ തുടര്‍ന്ന് 26കാരന് ദാരുണാന്ത്യം. പുതുച്ചേരി സ്വദേശിയായ ഹേമചന്ദ്രനാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. സംഭവത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. പമ്മലിലെ ബി.പി. ജെയിന്‍ ആശുപത്രിയില്‍ വച്ചാണ് ഹേമചന്ദ്രന്‍ ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

150 കിലോയായിരുന്നു ഹേമചന്ദ്രന്‍റെ ശരീര ഭാരം. ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ ഹൃദയമിടിപ്പിന്‍റെ നിരക്ക് താഴ്ന്നു. ഉടന്‍ തന്നെ റെല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഹേമചന്ദ്രന്‍റെ ജീവന്‍ നഷ്ടമാകുകയായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്ന് റെല ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. 

ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും പ്രാഥമിക പരിശോധനയില്‍ അങ്ങനെ കണ്ടെത്തിയില്ലെന്നും ആരോഗ്യമന്ത്രി ഹേമചന്ദ്രന്‍റെ കുടുംബത്തെ അറിയിച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.  അതേസമയം ഹേമചന്ദ്രന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് മാതാപിതാക്കള്‍ അനുവദിച്ചിട്ടില്ല. ആശുപത്രിക്കെതിരെ പരാതിയും ഉന്നയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും എയിംസിലെ വിദഗ്ധരെ അന്വേഷണത്തിന് നിയമിക്കണമെന്നും പുതുച്ചേരിയിലെ എഐഎഡിഎംകെ ഡപ്യൂട്ടി സെക്രട്ടറി പുതുച്ചേരി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

Weight loss surgery goes wrong; 26 year old man dies