‘താമസിച്ചെത്തിയ കേക്ക്’; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രം

താമസിച്ചെത്തിയ കേക്ക്, ഇടതുവശം മാറി പുരികത്തിന് മുകളിലുള്ള പൊട്ട്. എഡ്വിന്‍ ലട്യന്‍സും ഹെര്‍ബര്‍ട് ബേക്കറും രൂപകല്‍പ്പന ചെയ്ത ഇന്ത്യന്‍ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ വിളിപ്പേരുകളാണിത്. നൂറ്റാണ്ട് പഴക്കത്തിലേക്ക് കടക്കുന്ന പഴയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഇന്നുവരെയുള്ള ചരിത്രം നോക്കാം.

റെയ്സീന കുന്നിറങ്ങി വരുമ്പോള്‍ ഇടതുവശത്താണ് വൃത്താകൃതിയില്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് സ്ഥിതി ചെയ്യുന്നത്.രാജസദസിനെ ഓർമിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രപതി ഭവന്‍ അഥവ വൈസ്രോയി മന്ദിരം, മുന്‍വശത്ത് വശങ്ങളില്‍ മന്ത്രിമാര്‍ ഇരിക്കുന്നതു പോലെ രണ്ട് സെക്രട്ടേറിയറ്റ് അഥവാ നോര്‍ത്ത്–സൗത്ത് ബ്ലോക്കുകള്‍. നടുവില്‍ പരവതാനി വിരിച്ചപോലെ ആദ്യം കിങ്സ്‌വേയെന്നും പിന്നീട് രാജ്‌പഥെന്നും ഇപ്പോള്‍ കര്‍ത്തവ്യപഥെന്നും അറിയപ്പെടുന്ന പാത.റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കുമുണ്ടായിരുന്ന പൂര്‍ണ സന്തുലിതാവസ്ഥ മറികടന്നാണ് പാര്‍ലമെന്‍റ് മന്ദിരം ഈ കാണുന്ന പ്രദേശത്ത് 1921ല്‍ നിര്‍മിക്കുന്നത്.

അധികാരക്കൈമാറ്റം, അതേ.. 1947 ഓഗസ്റ്റ് 14ന് രാത്രിയില്‍ ഭരണഘടന നിര്‍മാണ സമിതി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരില്‍നിന്ന് ഏറ്റെടുത്തതായി പ്രഖ്യാപിച്ചതും പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലായിരുന്നു. ആ പ്രഖ്യാപനത്തോടെയായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വിശ്വപ്രസിദ്ധമായ പ്രസംഗം.

ത്രിവര്‍ണ പതാക ഇന്ത്യയുടെ ദേശീയപതാക എന്ന പദവിയോടെ ആദ്യമായി പാറിപ്പറന്നതും പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍. ഇന്ത്യയെ വെല്ലുവിളിച്ച 2001ലെ പാര്‍ലമെന്‍റ് ആക്രമണവും 2017ല്‍ ജിഎസ്ടി നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗവും പറയാതെ ഈ പാര്‍ലമെന്‍റിന്‍റെ ചരിത്രം അവസാനിക്കില്ല. ലോക്‌സഭയും രാജ്യസഭയും മാറി ഇരുന്ന അംഗങ്ങളെയും പാര്‍ലമെന്‍റ് കണ്ടു. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ശ്രീകോവിലിലേക്ക് എല്ലാവര്‍ക്കും സ്വാഗതം എന്നപോലെ രൂപാകൃതിയുള്ള ഈ മന്ദിരത്തിന്‍റെ 144 തൂണുകള്‍ക്കും കവാടങ്ങള്‍ക്കും 96 വര്‍ഷത്തെ ചരിത്രം ലോകത്തോട് പറയാനുണ്ട്.

A brief history of Indian parliament.