ഖര്‍ഗെയെ വീണ്ടും പരിഹസിച്ച് മോദി; മന്‍മോഹന്‍ സിങ്ങിനടക്കം യാത്രയയപ്പ്

സർക്കാരിന്റെ വികസന നേട്ടങ്ങൾക്ക് കണ്ണുതട്ടാതിരിക്കാൻ അവയെ കുറ്റപ്പെടുത്തലാണ് മല്ലികാർജുൻ ഖർഗെയുടെ പണിയെന്ന് മോദി. ജീവിതത്തിന്റെ നല്ലകാലം മുഴുവൻ മതേതരത്വം പറഞ്ഞ എച്ച്.ഡി.ദേവെ ഗൗഡ തൊണ്ണൂറു കഴിഞ്ഞപ്പോൾ മോദിയെ കെട്ടിപ്പിടിച്ചുവെന്ന് ഖർഗെയുടെ പരിഹാസം. കേന്ദ്ര ഫണ്ട് ഉന്നയിച്ച് ഡിഎംകെ എംപിമാർ പാർലമെന്റ് വളപ്പിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ചു. 

വി മുരളീധരൻ അടക്കം 9 കേന്ദ്രമന്ത്രിമാരും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും അടക്കം രാജ്യസഭയിലെ 56 അംഗങ്ങളുടെ യാത്രയയപ്പിൽ ഉരുളയ്ക്ക് ഉപ്പേരിയുമായി പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും. പാർലമെന്റിൽ വോട്ടുചെയ്യാൻ ആരോഗ്യപ്രതിസന്ധിക്കിടയിലും വീൽചെയറിൽ എത്തിയത് ചൂണ്ടിക്കാട്ടി മൻമോഹൻ സിങ് എല്ലാ അംഗങ്ങൾക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. മൻമോഹൻ സിങ് വഴികാട്ടിയായും പ്രചോദനമായും തുടരണമെന്ന് മോദി. 

പാർലമെന്റിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയുള്ള പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ ഫാഷൻപരേഡ് എന്നാണ് മോദി പരിഹസിച്ചത്. സർക്കാർ വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ അവയ്ക്ക് കണ്ണുതട്ടാതിരിക്കാൻ മല്ലികാർജുൻ ഖർഗെ അവയെ കുറ്റംപറയുന്നുവെന്ന് മോദിയുടെ വിമർശനം. മൻമോഹൻ സിങ്ങിന്റെ മികവിനെ മോദി പ്രശംസിച്ചത് നല്ലകാര്യമാണെന്ന് ഖർഗെ. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ സോഷ്യലിസവും മതേതരത്വവും പറഞ്ഞ എച്ച്.ഡി ദേവെ ഗൗഡ തെണ്ണൂറ് കഴിഞ്ഞപ്പോൾ മോദിയെ കെട്ടിപ്പിടിച്ചുവെന്നും ഖർഗെ.

കേന്ദ്ര സർക്കാർ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ എംപിമാർ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ അംഗങ്ങൾ സഭയിലെത്തിയത്.

pm narendra modi against mallikarjun kharge