'വീല്‍ ചെയറിലിരുന്നും സഭയിലെത്തി'; മന്‍മോഹനെ വാഴ്ത്തി മോദി

വിരമിക്കുന്ന രാജ്യസഭാംഗങ്ങളുടെ വിടവാങ്ങല്‍ ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാനടപടികളോടും സഭയോടുമുള്ള മന്‍മോഹന്‍ സിങിന്‍റെ അര്‍പ്പണ മനോഭാവം എടുത്തുപറയേണ്ടതാണെന്നും വോട്ട് ചെയ്യാന്‍ വീല്‍ചെയറില്‍ വരെ അദ്ദേഹം എത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. ഭരണകര്‍ത്താവെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും മന്‍മോഹന്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തിയത്. ദീര്‍ഘവീക്ഷണത്തോടു കൂടിയ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളും മുതല്‍ക്കൂട്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്ന മന്‍മോഹന്‍ (ഫയല്‍ ചിത്രം)

വോട്ടെടുപ്പ് നടക്കാരിനിക്കെ ട്രഷറി ബഞ്ചേ വിജയിക്കുകയുള്ളൂവെന്ന് അറിഞ്ഞിട്ടും വീല്‍ചെയറില്‍ അദ്ദേഹം വോട്ടുചെയ്യാനെത്തിയെന്നായിരുന്നു മോദി പറഞ്ഞത്. ഉത്തരവാദിത്തബോധമുള്ള പാര്‍ലമെന്‍റംഗത്തിന് ഉത്തമ ഉദാഹരണമാണ് മന്‍മോഹനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ ഇടപെടലുകളുടെയും ദീര്‍ഘകാലം രാജ്യത്തെ നയിച്ചതിന്‍റെ പേരിലും മന്‍മോഹന്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വരും തലമുറകള്‍ക്ക് വിരമിക്കുന്ന എംപിമാര്‍ പ്രചോദമാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും രാജ്യത്തിന് ഇനിയും അവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറിന്‍റെ വസതിയില്‍ വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് ചടങ്ങ് ക്രമീകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ രാവിലെ ഫൊട്ടോ സെഷനും സംഘടിപ്പിച്ചിരുന്നു.  ഒന്‍പത് കേന്ദ്രമന്ത്രിമാരുള്‍പ്പടെ 68 രാജ്യസഭാംഗങ്ങളാണ് വിരമിക്കുന്നത്. മന്‍മോഹന്‍ സിങിന് പുറമെ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്, ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവര്‍ ഏപ്രിലിലാണ് കാലാവധി പൂര്‍ത്തിയാക്കുന്നത്. ഉത്തര്‍പ്രദേശിലാകും രാജ്യസഭാ സീറ്റുകളിലേക്ക് ഏറ്റവുമധികം ഒഴിവ് വരിക. 10 സീറ്റുകള്‍. മഹാരാഷ്ട്രയിലും ബിഹാറിലും ആറുവീതവും മധ്യപ്രദേശിലും പശ്ചിമ ബംഗാളിലും അഞ്ച് വീതവും കര്‍ണാടക, ഗുജറാത്ത് (നാലുവീതം), ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ (രണ്ടുവീതം), ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഛത്തിസ്ഗഡ് എന്നിവിടങ്ങളില്‍ ഓരോന്നുമാണ് ഒഴിവ് വരിക. 

Came to vote in RS on wheelchair, strengthened democracy; PM Modi praises Manmohan Singh