രാഹുലിനെ ലക്ഷ്യമിട്ട് ഭരണപക്ഷ ആക്രമണം; രണ്ടാം ദിനവും ഇരുസഭകളിലും ബഹളം

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്നും മാപ്പുപറയണമെന്നുമുള്ള ആവശ്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാതെ കേന്ദ്രസര്‍ക്കാര്‍. ഭരണ പ്രതിപക്ഷ ഏറ്റുമുട്ടലില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ബഹളത്തില്‍ മുങ്ങി പിരിഞ്ഞു. രാഹുല്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്നും യഥാര്‍ഥ്യം മനസിലാക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു. 

രാഹുലിനെ ലക്ഷ്യമിട്ടുള്ള ഭരണപക്ഷ ആക്രമണം രണ്ടാം ദിനവും ഇരുസഭകളിലും തുടര്‍ന്നു. രാഹുല്‍ മാപ്പുപറയണമെന്ന് ഭരണപക്ഷവും ഇല്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ലോക്സഭാംഗമായ രാഹുല്‍ ഗാന്ധിയെക്കുറിച്ച് മുന്‍കൂട്ടി നോട്ടിസ് നല്‍കാതെ രാജ്യസഭയില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പരാമര്‍ശം നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിയൂഷ് ഗോയലിനെതിെര ശക്തി സിന്‍ഹ് ഗോഹില്‍ അവകാശലംഘന നോട്ടിസ് നല്‍കി. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധമായി സംസാരിച്ചുവെന്നത് അടക്കമുള്ള പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഹുല്‍ പാര്‍ലമെന്‍റിനെക്കുറിച്ചാണ് പറഞ്ഞതെന്നും അതില്‍ രാജ്യസഭയും ഉള്‍പ്പെടുമെന്നും കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവ് വാദിച്ചു. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. അദാനി വിഷയത്തില്‍ ചര്‍ച്ചവേണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ആവശ്യപ്പെട്ടു. അദാനി വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഭിന്നത നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഗാന്ധിപ്രതിമയ്ക്ക് മുന്നിലും ബിആര്‍എസും ആം ആദ്മി പാര്‍ട്ടിയും പാര്‍ലമെന്‍റ് കടവാടത്തിലും വേറെവേറെ പ്രതിഷേധിച്ചു.