രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം ; അന്‍വറിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന പി.വി.അന്‍വര്‍ എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസെടുക്കാന്‍ നിര്‍ദേശം. മണ്ണാര്‍ക്കാട് കോടതിയാണ് നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എസ്.പിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലായിരുന്നു കോടതി ഇടപെടല്‍. രാഹുല്‍ ഗാന്ധിയെ നാലാംതരം പൗരനായി കണ്ടെന്നും, ആളുകള്‍ക്കിടയില്‍ വേര്‍തിരിവും വിഭാഗീയതയുമുണ്ടാക്കുന്ന കുറ്റകരമായ പരാമര്‍ശമെന്നും ഹര്‍ജിയിലുണ്ട്. തിങ്കളാഴ്ച പാലക്കാട് എടത്തനാട്ടുകരയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച യോഗത്തിലാണ് അന്‍വര്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചത്. കോടതി ഉത്തരവ് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് നാട്ടുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

അതേ സമയം പി.വി.അൻവർ എം.എൽ.എയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ രംഗത്ത് എത്തിയിരുന്നു. രാഹുൽഗാന്ധിയുടെ രാഷ്ട്രീയ ഡി.എൻ.എ പരിശോധിക്കണമെന്നാണ് അൻവർ പറഞ്ഞത്. ജൈവപരമായ ഡി.എൻ.എ അല്ല. രാഹുല്‍ പക്വമായിട്ടല്ല പെരുമാറിയതെന്നും ഇങ്ങോട്ട് പറഞ്ഞപ്പോൾ അങ്ങോട്ട് കിട്ടുമെന്ന് രാഹുൽ ഓർക്കണമെന്നും എം.വി.ഗോവിന്ദൻ മനോരമന്യൂസിനോട് പറഞ്ഞു.