‘ഹിന്ദുക്കൾ മുസ്‍ലിംങ്ങളുടെ രീതി പിന്തുടരണം’; വിവാദ പരാമർശനവുമായി അസംമിലെ നേതാവ്

ഹിന്ദുക്കള്‍ മുസ്ലിംങ്ങളുടെ രീതി പിന്തുടർന്ന്  ചെറു പ്രായത്തിൽ തന്നെ മക്കളെ വിവാഹം കഴിപ്പിക്കണമെന്ന വിവാദ പ്രസ്താവനയുമായി അസമിലെ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്  (AIDUF) നേതാവ് ബദ്റുദ്ദീന്‍ അജ്മൽ. ശ്രദ്ധ വാക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുടെ ലൗ ജിഹാദ് പരാമർശനത്തിനുള്ള പ്രതികരണത്തിനിടെയായിരുന്നു വിവാദ പ്രസ്താവന.

മുസ്‍ലിം പുരുഷൻമാർ 20–22 വയസിൽ തന്നെ വിവാഹം കഴിക്കുന്നു. പെണ്‍കുട്ടികൾ നിയമപ്രകാരം 18 ാമത്തെ വയസിൽ വിവാഹിതരാവുന്നു. എന്നാൽ അതേ‌ സമയം ഹിന്ദുക്കൾ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ നിയമവിരുദ്ധമായി രണ്ടും മൂന്നൂം സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നു. അവർ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങളെ ജനിപ്പിക്കാൻ താൽപര്യം കാണിക്കുകയും ചെയ്യാതെ ഉല്ലസിച്ചു നടന്ന് പണം ലാഭിക്കുന്നു. പിന്നീട് 40 വയസ് ആകുമ്പോള്‍ രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കുന്നു. നാൽപതു വയസിന് ശേഷം കുട്ടികളുണ്ടാകുമെന്ന് എങ്ങ‌നെ പ്രതീക്ഷിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഫലഭൂയിഷ്ടമായ മണ്ണിൽ വിതച്ചാലേ നല്ല വിളകൾ ലഭിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‍ലിംങ്ങളുടെ പാത പിൻതുടർന്ന് നേരത്തെ വിവാഹം ചെയ്താൽ എത്ര കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്ന് അപ്പോൾ അറിയാമെന്നും  അദ്ദേഹം പറഞ്ഞു.

ശ്രദ്ധ വാക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട്  ലൗ ജിഹാ‍ദ് ആരോപണവുമായി ഹിമന്ത് ബിശ്വ ശർമ രംഗത്തു വന്നിരുന്നു. മുസ്‍ലിം പുരുഷൻമാർ ഹിന്ദു സ്ത്രീകളെ പ്രണയം നടിച്ച്   മതം മാറ്റാൻ നിർബന്ധിക്കുകയാണെന്നായിരുന്നു ശ്രദ്ധ വാക്കർ കൊലപാതകം മുൻ നിർത്തിയുള്ള അദ്ദേഹത്തിൻറെ പ്രസ്താവന. നരേന്ദ്ര മോദിയെപോലെ ശക്തനായ ഒരു നേതാവിനെയാണ് ഇന്ത്യയ്ക്ക് ആവശ്യം എന്നും അല്ലാത്ത പക്ഷം ഓരോ നഗരങ്ങളിലും അഫ്താബിനെപ്പോലെയുള്ളവർ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശ്രദ്ധ വാക്കറെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ പ്രതിയാണ് അഫ്താബ് അമീൻ പൂലാവാല.

"Hindus Should Follow Muslim Formula": Assam's Badruddin Ajmal